Saturday, April 17, 2021
Home Sub Title യുഎഇ തലസ്ഥാനത്ത് ഡ്രൈവറില്ലാ കാറുകള്‍ ഇറങ്ങുന്നു; യാത്ര തികച്ചും സൗജന്യം

യുഎഇ തലസ്ഥാനത്ത് ഡ്രൈവറില്ലാ കാറുകള്‍ ഇറങ്ങുന്നു; യാത്ര തികച്ചും സൗജന്യം

അബൂദബി: യുഎഇ തലസ്ഥാനമായ അബൂദബയില്‍ ഇ വര്‍ഷം അവസാനം മുതല്‍ ഡ്രൈവറില്ലാത്ത കാറുകള്‍ സര്‍വീസ് ആരംഭിക്കും. പുതിയ സാങ്കേതിക വിദ്യ പരീക്ഷണ ഘട്ടത്തില്‍ യാത്ര തികച്ചും സൗജന്യമായിരിക്കും. രണ്ട് ഘട്ടമായാണ് സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്.

ആദ്യഘട്ടത്തില്‍ യാസ് ഐലന്റിന്റെ പ്രധാന ഭാഗത്ത് മൂന്ന് ഡ്രൈവറില്ലാ വാഹനങ്ങളാണ് സര്‍വീസ് നടത്തുക. ഹോട്ടലുകള്‍, റസ്‌റ്റൊറന്റുകള്‍, ഷോപ്പിങ് മാളുകള്‍, ഓഫിസുകള്‍ തുടങ്ങിയയ്ക്ക് മുന്നില്‍ നിന്ന് ആളുകളെ എടുക്കുകയും ഇറക്കുകയും ചെയ്യും. രണ്ടാം ഘട്ടത്തില്‍ അബൂദബിയുടെ വിവിധ ഭാഗങ്ങളിലായി പത്തിലേറെ വാഹനങ്ങള്‍ സര്‍വീസ് നടത്തും.

രണ്ട് ഘട്ടത്തിലും സര്‍വീസ് സൗജന്യമായിരിക്കും. രാവിലെ 8 മുതല്‍ രാത്രി 8 വരെ സേവനം ലഭിക്കും. ഓപറേഷന്‍ സുഗമമാക്കുന്നതിനും എന്തെങ്കിലും അത്യാവശ്യ സാഹചര്യമുണ്ടായാല്‍ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ഡ്രൈവിങ് സീറ്റില്‍ ഒരു സുരക്ഷാ ഓഫിസര്‍ ഉണ്ടാവും.

മനുഷ്യന്റെ ഇടപെടലുകള്‍ ഇല്ലാതെ തന്നെ ചുറ്റപാടുകളും റോഡും വാഹനങ്ങളുടെ വരവുമൊക്കെ സെന്‍സര്‍ വഴി അറിഞ്ഞാണ് വാഹനം മുന്നോട്ട് നീങ്ങുക. ട്രാഫിക് നിയമങ്ങള്‍ ഒക്കെ സാധാരണ ഡ്രൈവര്‍മാര്‍ പാലിക്കുന്നതിനേക്കാള്‍ കൃത്യമായി പാലിക്കാന്‍ കഴിവുള്ളവയാണ് വാഹനത്തിലെ സെന്‍സറുകള്‍. ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് ബയാനത്ത് എന്ന കമ്പനിയുമായി കരാറൊപ്പിട്ടു.
ALSO WATCH

Most Popular