Sunday, May 16, 2021
Home Ediotrs Pick ഏജന്റിന്റെ കൊടുംചതി: ഷാര്‍ജയിലെ ഒറ്റമുറിയില്‍ തിങ്ങിഞെരുങ്ങി 64 ഇന്ത്യക്കാര്‍; ഒരു ദിവസത്തെ ഭക്ഷണം ഒരു ചപ്പാത്തിയും...

ഏജന്റിന്റെ കൊടുംചതി: ഷാര്‍ജയിലെ ഒറ്റമുറിയില്‍ തിങ്ങിഞെരുങ്ങി 64 ഇന്ത്യക്കാര്‍; ഒരു ദിവസത്തെ ഭക്ഷണം ഒരു ചപ്പാത്തിയും ചായയും

ദുബൈ: ഒരു കിടപ്പുമുറിയില്‍ 64 പേര്‍. ഭക്ഷണം ഒരു നേരം മാത്രം, അതും ഒരു ചപ്പാത്തിയും ചായയും. ഷാര്‍ജയിലാണ് ഏജന്റിന്റെ ചതിയില്‍ കുടുങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൊടും ദുരിതത്തിലായത്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഏജന്‍ിന്റ് ഒന്നര ലക്ഷം രൂപ വീതം നല്‍കിയാണ് വിസിറ്റ് വിസയില്‍ ഇവര്‍ യുഎഇയില്‍ എത്തിയത്. യുഎഇയിലെ തങ്ങളുടെ കമ്പനിയില്‍ ജോലിക്കെന്ന് പറഞ്ഞാണ് ഇവരെ കൊണ്ടുവന്നത്. യുപി, ബിഹാര്‍, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കെണിയില്‍പ്പെട്ടത്. കാര്‍പന്റര്‍മാര്‍, എസി ടെക്‌നീഷ്യന്‍മാര്‍ തുടങ്ങിയവരാണ് ഇവരുടെ കൂട്ടത്തിലുള്ളത്.

ഇവരില്‍ ചിലര്‍ ഷാര്‍ജയിലെ വഴിയരികിലിരുന്ന് കരയുന്നത് ശ്രദ്ധയില്‍പ്പെട്ട സാമൂഹിക പ്രവര്‍ത്തകനായ ഷിറാലി ശെയ്ഖ് മുസഫര്‍ ആണ് തൊഴിലാളികളുടെ ദുരിതം പുറത്തുകൊണ്ടുവന്നത്. തങ്ങളുടെ സമ്പാദ്യം മുഴുവന്‍ പുതിയൊരു ജീവിതം തുടങ്ങാമെന്ന സ്വപ്‌നത്തില്‍ ഏജന്റിന് നല്‍കി വന്നവരായിരുന്നു ഇവരെന്ന് മുസഫര്‍ പറഞ്ഞു.

യുഎഇയില്‍ എത്തിയതു മുതല്‍ ഇവരുടെ ദുരിതം ആരംഭിച്ചിരുന്നു. വിമാനത്താവളത്തില്‍ 14 മണിക്കൂര്‍ കാത്ത് നിന്ന ശേഷമാണ് ഇവരെ കൊണ്ടുപോവാന്‍ വാഹനമെത്തിയത്. വാഹനത്തില്‍ കയറിയ ഉടനെ എല്ലാവരുടെയും പാസ്‌പോര്‍ട്ട് വാങ്ങിവച്ചു. തുടര്‍ന്ന് ഷാര്‍ജയിലെ ഒറ്റമുറിയില്‍ എത്തിക്കുകയായിരുന്നു.

ഭക്ഷണം ഒരു നേരം മാത്രം
ദിവസത്തില്‍ ഒരുനേരം മാത്രമാണ് ഭക്ഷണം കൊടുത്തിരുന്നത്. അതും ഒരു ചപ്പാത്തിയും ചായയും. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം ഭക്ഷണം സ്വന്തമായി കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒരു തവണ പാസ്‌പോര്‍ട്ട് തിരികെ ചോദിച്ചപ്പോള്‍ മറ്റൊരു മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. പ്രതിഷേധിച്ചാല്‍ ഒരിക്കലും നാടുകാണില്ലെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദ്ദനം.

തൊഴിലാളികളുടെ ദുരിതം വിശദമായി മനസ്സിലാക്കിയ മുസഫര്‍ അബൂദബിയിലുള്ള ജീവകാരുണ്യപ്രവര്‍ത്തകനുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ഭക്ഷണം ഏര്‍പ്പാടാക്കി നല്‍കി. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരായ ഹിദായത്ത് അഡൂര്‍, കര്‍ണാടക എന്‍ആര്‍ഐ പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ ഷെട്ടി എന്നിവരുടെ സഹായത്തോടെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലില്‍ വിവരമറിയിച്ചു.

ഇടപെട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ്
ഉടനടി ഇടപെട്ട കോണ്‍സുലേറ്റ് ഏജന്റുമാരെ ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് നിര്‍ദേശിക്കുകയായിരുന്നു. ഇവരുടെ പാസ്‌പോര്‍ട്ട് തിരിച്ച് നല്‍കാനും നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റും കോവിഡ് ടെസ്റ്റും നടത്താനും കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു.

കോണ്‍സുലേറ്റിന്റെ നിര്‍ദേശപ്രകാരം 64 പേരുടെയും പാസ്‌പോര്‍ട്ട് ഏജന്റിന്റെ ഓഫിസില്‍ പോയി തിരിച്ചുവാങ്ങി നല്‍കിയതായി മുസഫര്‍ പറഞ്ഞു. ഓരോരുത്തരുടെയും ജോലികളിലുള്ള വൈദഗ്ധ്യം മനസ്സിലാക്കി സാധ്യമാവുന്ന ജോലികള്‍ തരപ്പെടുത്താനും ശ്രമം നടത്തി. ഇതില്‍ എട്ട് പേര്‍ക്ക് ജോലി ലഭിച്ചു. 22 പേര്‍ നാട്ടിലേക്കു മടങ്ങിയതായും മുസഫര്‍ അറിയിച്ചു.
ALSO WATCH

Most Popular