Wednesday, September 22, 2021
Home Newsfeed യുഎഇയില്‍ നിന്ന് നിരവധി ഇന്ത്യക്കാര്‍ നാട്ടിലേക്ക്; ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു

യുഎഇയില്‍ നിന്ന് നിരവധി ഇന്ത്യക്കാര്‍ നാട്ടിലേക്ക്; ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു

ദുബൈ: യാത്രാ നിബന്ധനകള്‍ സംബന്ധിച്ച് വ്യക്തത വന്നതോടെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണവും വര്‍ധിക്കുന്നു. നിബന്ധനകളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ യുഎഇയില്‍ തിരിച്ചെത്തിയിരുന്നു. അതിന് പിന്നാലെയാണ് തിരിച്ചുള്ള ഒഴുക്കും വര്‍ധിച്ചത്.

തിരിച്ചുവരാന്‍ പറ്റുമോ എന്ന് ഉറപ്പില്ലാത്തതിനാല്‍ നാട്ടിലേക്കുള്ള യാത്ര മാറ്റിവച്ച ഇന്ത്യക്കാരാണ് ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ വലിയൊരു വിഭാഗം. കോവിഡ് വാക്‌സിനേഷന്‍ ഇല്ലാതെ തന്നെ നാട്ടിലുള്ളവര്‍ക്ക് തിരിച്ചുവരാമെന്ന് വിമാന കമ്പനികള്‍ അറിയിച്ചതോടെയാണ് ഈ ഒഴുക്ക് തുടങ്ങിയത്.

ഇതോടെ ടിക്കറ്റ് നിരക്കും വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് ദുബയിലേക്ക് 1,110 ദിര്‍ഹത്തിന് മുകളിലാണ് റേറ്റ്. ന്യൂഡല്‍ഹിയില്‍ നിന്ന് 1000 ദിര്‍ഹം മുതല്‍ 1,500 ദിര്‍ഹം വരെ നല്‍കണം. മുംബൈ-ദുബൈ റൂട്ടില്‍ 1,800 ദിര്‍ഹം വരെ ഉയര്‍ന്നു. സമാനമായി തിരിച്ചുവരുന്നതിനുള്ള നിരക്കും വര്‍ധിക്കുന്നുണ്ട്.

നിലവിലുള്ള നിരക്ക് കുറഞ്ഞ് 400-600 ദിര്‍ഹം എന്ന സാധാരണ റേഞ്ചിലേക്ക് വരണമെങ്കില്‍ ചുരുങ്ങിയത് രണ്ടാഴ്ച്ചയെങ്കിലും കഴിയേണ്ടി വരുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു.

Most Popular