Friday, April 23, 2021
Home Gulf UAE യുഎഇയിലെ സിവില്‍, ക്രിമിനല്‍ നിയമങ്ങളില്‍ സമഗ്ര ഭേദഗതി; പ്രവാസികളുടെ വിവാഹ, സ്വത്തവകാശ നിയമത്തില്‍ മാറ്റം; ഉഭയ...

യുഎഇയിലെ സിവില്‍, ക്രിമിനല്‍ നിയമങ്ങളില്‍ സമഗ്ര ഭേദഗതി; പ്രവാസികളുടെ വിവാഹ, സ്വത്തവകാശ നിയമത്തില്‍ മാറ്റം; ഉഭയ കക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം നിയമവിധേയം

ദുബൈ: സിവില്‍, ക്രിമിനല്‍ ചട്ടങ്ങളില്‍ സമഗ്ര ഭേദഗതി വരുത്തി പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉത്തരവ്. പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ, ഫെഡറല്‍ പീനല്‍ കോഡ്, ഫെഡറല്‍ പീനല്‍ പ്രൊസീജറല്‍ ലോ തുടങ്ങിയവയുടെ ചില അനുഛേദങ്ങളിലാണ് പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ മാറ്റം വരുത്തിയത്.

പ്രവാസികളുടെ വില്‍പത്രം, അനന്തരാവകാശം, വിവാഹം, വിവാഹ മോചനം, അപമര്യാദ നിയമം, ലൈംഗിക കുറ്റകൃത്യങ്ങള്‍, ദുരഭിമാന കൊല തുടങ്ങിയവയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ മാറ്റം വരുത്തിയവയില്‍പ്പെടും.

പ്രവാസികള്‍ക്ക് തങ്ങളുടെ സ്വത്തിന്റെ അനന്തരാവകാശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വന്തം നാട്ടിലെ നിയമപ്രകാരം തീരുമാനമെടുക്കാന്‍ നിയമഭേദഗതി സ്വാതന്ത്ര്യം നല്‍കുന്നു. മരിക്കുന്ന സമയത്ത് ഏത് രാജ്യത്തെ പൗരനായിരുന്നോ ആ രാജ്യത്തെ നിയമപ്രകാരമായിരിക്കും വില്‍പത്രവുമായി ബന്ധപ്പെട്ട കാര്യത്തിലും അനന്തരാവകാശത്തിലും തീരുമാനമെടുക്കുക.

പേഴ്‌സണല്‍ സ്റ്റാറ്റസ് കോഡിലെ പുതിയ ഭേദഗതി പ്രകാരം വിവാഹം ഏത് രാജ്യത്ത് വച്ചാണോ നടക്കുന്നത് ആ രാജ്യത്തെ നിയമമായിരിക്കും വിവാഹവുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ബാധകമാവുക. നേരത്തേ ഭാര്യയുടെയും ഭര്‍ത്താവിന്റെയും രാജ്യവുമായി ബന്ധപ്പെട്ട ചട്ടങ്ങളായിരുന്നു. വിവാഹ കരാറിലെ സാമ്പത്തിക കാര്യങ്ങള്‍, വിവാഹ മോചനം തുടങ്ങിയവയ്ക്കും ഇത് ബാധകമായിരിക്കും.

ദുരഭിമാന കുറ്റകൃത്യങ്ങള്‍ ഗുരുതര കുറ്റകൃത്യമാക്കുന്നതാണ് മറ്റൊരു ഭേദഗതി. ഇതു പ്രകാരം ഇത്തരം കുറ്റകൃത്യം കൊലപാതകത്തിന് തുല്യമായി കണക്കാക്കും.

മദ്യം, വ്യഭിചാരം തുടങ്ങിയവയില്‍ ഇളവ്
പുതിയ ഭേദഗതി പ്രകാരം അംഗീകൃത സ്ഥലങ്ങളില്‍ നിന്ന് ആര്‍ക്കും മദ്യം വില്‍ക്കുകയോ കഴിക്കുകയോ ചെയ്യാം. ഇക്കാര്യത്തില്‍ അതത് എമിറേറ്റുകള്‍ക്ക് ആവശ്യമായ ചട്ടങ്ങളുണ്ടാക്കാന്‍ അധികാരമുണ്ട്. 21 വയസ്സിന് താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് മാത്രമായിരിക്കും കുറ്റം.

പൊതുസ്ഥലങ്ങളില്‍ അപമര്യാദയായി പെരുമാറുന്നതിനുള്ള (നഗ്നതാ പ്രദര്‍ശനം, ചുംബനം തുടങ്ങിയവ) ശിക്ഷ പിഴ മാത്രമായി ചുരുക്കി. നേരത്തേ ജയില്‍ ശിക്ഷ കൂടി ഉണ്ടായിരുന്നു. ആദ്യ തവണ മാത്രമാണ് ഈ ഇളവ്.

ഉഭയ കക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാക്കി എന്നതാണ മറ്റൊരു പ്രധാന മാറ്റം. ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ ഉള്ള ലൈംഗിക ബന്ധം മാത്രമായിരിക്കും കുറ്റകരം. എന്നാല്‍, 14 വയസില്‍ താഴെയുള്ളവരുമായി സമ്മതത്തോട് കൂടി ബന്ധപ്പെടുന്നതും കുറ്റകരമാണ്. മാനസിക ബുദ്ധിമുട്ട്, അടുത്ത ബന്ധു, ആശ്രിതന്‍ തുടങ്ങി സ്വന്തം ഇഷ്ടം സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയാത്തവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും കുറ്റകരമാണ്.

അടിയന്തര സാഹചര്യത്തില്‍ സഹായിക്കണമെന്നോ രക്ഷിക്കണമെന്നോ ഉദ്ദേശത്തോടെ ഒരു വ്യക്തിയോട് ദ്രോഹകരമായി പെരുമാറുന്നത് കുറ്റകരമല്ലാതാക്കുന്നതാണ് മറ്റൊരു ഭേദഗതി.

ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ ശിക്ഷിക്കുന്നതിന് പകരം ചികില്‍സാ കേന്ദ്രത്തിലേക്ക് അയക്കാന്‍ നിയമഭേദഗതി ജഡ്ജിക്ക് വിവേചനാധികാരം നല്‍കുന്നു. പ്രതിക്കോ സാക്ഷിക്കോ അറബി അറിയില്ലെങ്കില്‍ ജൂഡീഷ്യല്‍ അറസ്റ്റ് വേളയില്‍ പരിഭാഷകനുണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്.


 

Most Popular