Wednesday, June 23, 2021
Home Gulf UAE കെഎംസിസി ചാര്‍ട്ടര്‍ വിമാനത്തിന് പറക്കാനായില്ല; ഏഴ് മണിക്കൂര്‍ കാത്തിരുന്ന് യാത്രക്കാര്‍ മടങ്ങി

കെഎംസിസി ചാര്‍ട്ടര്‍ വിമാനത്തിന് പറക്കാനായില്ല; ഏഴ് മണിക്കൂര്‍ കാത്തിരുന്ന് യാത്രക്കാര്‍ മടങ്ങി

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇന്ന് പുറപ്പെടേണ്ടിയിരുന്ന കെഎംസിസിയുടെ ചാര്‍ട്ടര്‍ വിമാനത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്ര മുടങ്ങി. 160 യാത്രക്കാര്‍ ഏഴ് മണിക്കൂര്‍ കാത്തിരുന്ന് നിരാശയോടെ മടങ്ങി. കെഎംസിസി ഷാര്‍ജ അഴീക്കോട് മണ്ഡലം ഏര്‍പ്പെടുത്തിയ സര്‍വീസാണ് മുടങ്ങിയത്.

വിമാനത്തിന് ഇന്ന് പറക്കാനാവില്ലെന്ന് ഉറപ്പായതോടെ ഉച്ചക്ക് രണ്ട് മണി മുതല്‍ വിമാനത്താവളത്തില്‍ കാത്തിരുന്ന യാത്രക്കാരെ രാത്രി ഒമ്പതോടെ ഹോട്ടലിലേക്ക് മാറ്റി. സാങ്കേതിക പ്രശ്‌നം ഒഴിവാക്കി നാളെ സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കോഓര്‍ഡിനേറ്റര്‍ ഇര്‍ഷാദ് അഴീക്കോട് പറഞ്ഞു. നാളത്തേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന മറ്റൊരു വിമാനം ഉള്‍പെടെ രണ്ട് വിമാനങ്ങളും നാളെ സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു

യുഎഇയില്‍ നിന്നുള്ള കെഎംസിസിയുടെ പ്രഥമ സര്‍വീസാണ് സാങ്കേതിക തടസ്സത്തില്‍ മുടങ്ങിയത്. എന്താണ് സാങ്കേതിക തടസ്സമെന്ന് വ്യക്തമല്ല. ഗര്‍ഭിണികള്‍, നാട്ടില്‍ ചികില്‍സ തുടരേണ്ടവര്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് വിമാനത്താവളത്തില്‍ മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നത്.

വൈകുന്നേരം ആറിന് റാക് എയര്‍പോര്‍ട്ടില്‍ നിന്ന് സ്‌പേസ് ജെറ്റ് വിമാനം പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. ഇതേതുടര്‍ന്നാണ് രണ്ട് മണിക്ക് തന്നെ യാത്രക്കാര്‍ ഇവിടെ എത്തിയത്. രാത്രി 11.30ന് പുറപ്പെടുമെന്നായിരുന്നു ഒടുവില്‍ അറിയിച്ചിരുന്നത്. എന്നാല്‍, നിശ്ചിത സമയം കഴിഞ്ഞും കേരളത്തിലേക്ക് പുറപ്പെടേണ്ട വിമാനം റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയില്ല. അവസാന നിമിഷം വരെ യാത്രക്കാര്‍ പ്രതീക്ഷയിലായിരുന്നെങ്കിലും രാത്രി ഒമ്പതോടെ സര്‍വീസ് മാറ്റിവയ്ക്കുന്നതായി അറിയിക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്കിനേക്കാള്‍ കൂടുതല്‍ ഈടാക്കുന്ന ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് യുഎഇ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കുമാര്‍ ഇന്ന് അറിയിച്ചിരുന്നു. കേരളത്തിന്റെ അഭ്യര്‍ഥന പ്രകാരമായിരുന്നു ഇത്. വന്ദേഭാരത് മിഷനില്‍ ഈടാക്കുന്നതിന്റെ ഇരട്ടിയോളം തുകയാണ് ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് യാത്രക്കാരില്‍ നിന്ന് വാങ്ങുന്നത്.


 

Most Popular