Wednesday, June 23, 2021
Home Gulf UAE അറബ് ലോകത്ത് ആവേശം; യുഎഇയുടെ ചൊവ്വാ ദൗത്യം വിജയകരമായി കുതിച്ചു

അറബ് ലോകത്ത് ആവേശം; യുഎഇയുടെ ചൊവ്വാ ദൗത്യം വിജയകരമായി കുതിച്ചു

ദുബൈ: അറബ് ലോകത്തു നിന്നുള്ള ആദ്യ ചൊവ്വാ ദൗത്യം വിജയകരമായി കുതിച്ചു. യുഎഇയുടെ ചൊവ്വാ പര്യവേഷണപേടകമായ ഹോപ്പ് പ്രോബ് ജപാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നു കുതിച്ചുയര്‍ന്നപ്പോള്‍ അത് പുതിയ ചരിത്രമായി. യുഎഇ സമയം ഇന്ന് പുലര്‍ച്ചെ 1.58നായിരുന്നു പേടകം ഭൂമിയില്‍ നിന്ന് വിജയകരമായി ആകാശത്തേയ്ക്കുയര്‍ന്നത്. ചരിത്രത്തിലാദ്യമായി അറബിക് ഭാഷയിലെ കൗണ്ട് ഡൗണ്‍ സവിശേഷതയായി. യുഎഇ ഭരണാധികാരികളും സ്വദേശികളും വിദേശികളും വിക്ഷേപണം ടെലിവിഷന്‍ ചാനലുകളിലൂടെ തത്സമയം കണ്ടു.

മിറ്റ്‌സുബിഷി H-IIA റോക്കറ്റിലാണ് അറബ് മേഖലയുടെ അഭിമാനക്കുതിപ്പ്. അല്‍ അമല്‍ (പ്രതീക്ഷ) എന്നു പേരിട്ട ദൗത്യത്തിന് പിന്നില്‍ 200 സ്വദേശി യുവശാസ്ത്രജ്ഞരുടെ 6 വര്‍ഷത്തിലേറെയായുള്ള പ്രയത്‌നമാണുള്ളത്. മണിക്കൂറുകള്‍ക്കകം തന്നെ ഹോപ് പ്രോബില്‍നിന്നുള്ള സിഗ്‌നലുകള്‍ ദുബയിലെ മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തില്‍ ലഭിച്ചു തുടങ്ങി. സ്പേസ് സെന്ററിലെ ആഹ്ലാദ നിമിഷങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു.

മണിക്കൂറില്‍ 1,21,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് 493 ദശലക്ഷം കിലോമീറ്റര്‍ താണ്ടിവേണം ഹോപ്പിന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍. പേടകം ചൊവ്വാ ഭ്രമണപഥത്തില്‍ എത്താന്‍ 7 മാസത്തിലേറെ വേണ്ടിവരുമെന്നു കണക്കാക്കുന്നു. അതായത് അടുത്തവര്‍ഷം ഫെബ്രുവരിയില്‍. യുഎഇ രൂപീകൃതമായതിന്റെ 50ാം വര്‍ഷമാണ് 2021 എന്ന പ്രത്യേകതയുമുണ്ട്. വിക്ഷേപണം കഴിഞ്ഞാലുടന്‍ ദുബയിലെ ഗ്രൌണ്ട് സ്റ്റേഷന്‍ ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇനി 30 ദിവസം മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലെ (എംബിആര്‍എസ് സി) ശാസ്ത്രജ്ഞര്‍ 24 മണിക്കൂറും ഉപഗ്രഹത്തെ നിരീക്ഷിക്കും. ചൊവ്വയിലേക്കുള്ള ഗതി നിയന്ത്രിക്കുകയും ഭൂമിയുമായുള്ള ബന്ധം നിലനിര്‍ത്തുകയും ചെയ്യുകയെന്ന സങ്കീര്‍ണ ഘട്ടമാണിത്.

ഒരു ചൊവ്വാവര്‍ഷം അഥവാ 687 ദിവസം ഹോപ്പ് ചൊവ്വയെ വലം വെക്കും. ചുവന്ന ഗ്രഹത്തിന്റെ സമ്പൂര്‍ണചിത്രം പകര്‍ത്തും. ചൊവ്വയിലെ കാലാവസ്ഥയെയും അന്തരീക്ഷത്തെയും കുറിച്ച് പഠനം നടത്തും.

Most Popular