ശസ്ത്രക്രിയകള്‍ മാറ്റിവെയ്ക്കാന്‍ നിര്‍ദേശം നല്‍കി യുഎഇ ആരോഗ്യമന്ത്രാലയം

dentist

അബുദബി: കോവിഡ് പകര്‍ച്ചവ്യാധിക്കിടയില്‍ എമിറേറ്റുകളിലെ അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കാനായി യുഎഇയിലെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കായി സര്‍ക്കുലര്‍ പുറത്തിറക്കി. ഷാര്‍ജ, അജ്മാന്‍, റാസ് അല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങള്‍ക്കായാണ് സര്‍ക്കുറല്‍ പുറപ്പെടുവിപ്പിച്ചത്. ജനറല്‍ അനസ്‌തേഷ്യ, രക്തദാനമടക്കം വേണ്ടി വരുന്ന ശസ്ത്രക്രിയകള്‍ മാറ്റിവെക്കാനാണ് നിര്‍ദേശം. അതേസമയം ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ അടക്കമുള്ള സൗന്ദര്യവര്‍ദ്ധക സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കുറലില്‍ വ്യക്തമാക്കുന്നു.

അല്‍ ബയാനിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, തുമ്മല്‍, ചുമ, ജലദോഷം തുടങ്ങിയ ശ്വാസകോശ ലക്ഷണങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്കുള്ള ദന്ത ചികിത്സകളും നടപടിക്രമങ്ങളും പുനക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫിസിയോതെറാപ്പിയുള്‍പ്പെടെയുള്ള അഞ്ച് ആരോഗ്യ സേവനങ്ങള്‍ ഇന്നുമുതല്‍ അടുത്ത നിര്‍ദേശം ലഭിക്കുന്നത് വരെ നിര്‍ത്തിവെക്കാനാണ് ഉത്തരവ്.