Sunday, June 20, 2021
Home Gulf UAE ഒടുവില്‍ യുഎഇയും അയയുന്നു; ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ

ഒടുവില്‍ യുഎഇയും അയയുന്നു; ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ

ദുബൈ: ഖത്തറിനെതിരായ ഉപരോധം നീക്കുന്നതിന് കുവൈത്തും അമേരിക്കയും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് ഒടുവില്‍ യുഎഇയും രംഗത്തെത്തി. ഖത്തറിനെതിരേ കടുത്ത നിലപാട് പുലര്‍ത്തിയിരുന്ന യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷാണ് ഇപ്പോള്‍ നടക്കുന്ന അനുരഞ്ജന ശ്രമങ്ങളില്‍ കുവൈത്തിനെയും അമേരിക്കയെയും അഭിനന്ദിച്ച് രംഗത്തെത്തിയത്. നാല് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങളെ പ്രശംസിച്ച അദ്ദേഹം, വിജയകരമായ ഗള്‍ഫ്-അറബ് ഉച്ചകോടിക്കായി യുഎഇ കാത്തിരിക്കുകയാണെന്നും ട്വീറ്റ് ചെയ്തു. ഗള്‍ഫ് പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്ന കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് യുഎഇ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് വെളിപ്പെടുത്തുന്നത്.

ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള സമവായ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയുണ്ടായതായും ഇരുപക്ഷവും ഒത്തുതീര്‍പ്പിന്റെ അടുത്തെത്തിയെന്നും കുവൈത്ത് വിദേശകാര്യമന്ത്രി ശെയ്ഖ് അഹമ്മദ് നാസര്‍ അസ്സബാഹ് രണ്ടു ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാനും സൗദി വിദേശകാര്യ മന്ത്രിയും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തെറസ് ഉള്‍പ്പെടെയുള്ള ലോക നേതാക്കളും കുവൈത്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ യു.എ.ഇ ഇതുവരെ ഈ വിഷയത്തില്‍ പുലര്‍ത്തിയ മൗനം വീണ്ടും ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു.

നേരത്തേ, പ്രശ്‌നപരിഹാരം തൊട്ടടുത്തെത്തിയ ഘട്ടങ്ങളിലെല്ലാം നിഷേധാത്മക നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിക്കാറുള്ള അന്‍വര്‍ ഗര്‍ഗാഷ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പുലര്‍ത്തിയ മൗനവും ഒടുവില്‍ സമാധാന നീക്കങ്ങളെ അഭിനന്ദിച്ചു രംഗത്തെത്തിയതും നല്ല സൂചനയായാണ് വിദേശ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഈ മാസം ബഹ്‌റൈനില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധി പരിഹരിച്ച് കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാവുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

Most Popular