Tuesday, April 13, 2021
Home Gulf UAE ഫൈസല്‍ ഫരീദിനെ യുഎഇ ഇന്ത്യക്ക് കൈമാറാനൊരുങ്ങുന്നു

ഫൈസല്‍ ഫരീദിനെ യുഎഇ ഇന്ത്യക്ക് കൈമാറാനൊരുങ്ങുന്നു

ഫൈസല്‍ ഫരീദിനെ യുഎഇ ഇന്ത്യക്ക് കൈമാറാനൊരുങ്ങുന്നു; അന്വേഷണം എമിറേറ്റ്‌സ് ഉദ്യോഗസ്ഥരിലേക്കും

ദുബൈ: തിരുവനന്തപുരം വിമാനത്താവളം വഴി കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍ ഇന്ത്യക്ക് കൈമാറിയേക്കും. ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം.

ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ കാര്യം ഇന്ത്യന്‍ എംബസി യുഎഇ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യര്‍ഥനയെ തുടര്‍ന്നി് യുഎഇ ഫൈസല്‍ ഫരീദിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. എപ്പോള്‍ ഫൈസലിനെ ഇന്ത്യക്ക് കൈമാറും എന്നത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ല.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, വ്യാജ രേഖകളുടെ നിര്‍മാണം, കള്ളക്കടത്തില്‍ സജീവ പങ്കാളിത്തം തുടങ്ങിയ കുറ്റങ്ങളാണ് ഇന്ത്യ ഫൈസല്‍ ഫരീദിനെതിരെ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പേര് ഉയര്‍ന്നു വന്നപ്പോള്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഫൈസല്‍ ഫരീദ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്നു.

അതേ സമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം എമിറേറ്റ്‌സ് വിമാനക്കമ്പനിയിലെ ഉദ്യോഗസ്ഥരിലേക്കും നീളുന്നതായി സൂചന. സ്വര്‍ണക്കടത്ത് കേസില്‍ ദുബൈ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ തേടേണ്ടതുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചതായാണ് വിവരം. യുഎഇയിലെ വിമാനത്താവളങ്ങളില്‍ സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് കൈകാര്യംചെയ്ത ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ കിട്ടേണ്ടത് അനിവാര്യമാണെന്നാണ് കസ്റ്റംസിന്റെ നിഗമനം.

 


 

Most Popular