അബൂദാബിയുടെ ‘വിസ് എയര്‍ അബൂദാബി’ ഇന്ന് പറക്കുന്നു

അബൂദാബിയുടെ പുതിയ ദേശീയ വിമാനകമ്പനിയായ ‘വിസ് എയര്‍ അബൂദാബി’ ഇന്ന് പറക്കുന്നു. അബൂദാബിയിലെ എഡ്ക്യൂ കമ്പനിയും ഹംഗറ് ആസ്ഥാനമായ വിസ് എയറും കൈകോര്‍ത്താണ് പുതിയ വിമാനകമ്പനി.

അബൂദാബിയില്‍ നിന്ന് ഗ്രീസിലെ ഏഥന്‍സിന് പിന്നാലെ അടുത്തമാസം മറ്റൊരു ഗ്രീസ് നഗരമായ തിസാലോനിക്കിലേക്ക് സര്‍വീസ് ആരംഭിക്കും. കൂടുതല്‍ യൂറോപ്യന്‍ വിമാനത്താവളങ്ങളിലേക്ക് അടുത്തമാസങ്ങളില്‍ വിസ് എയര്‍ അബൂദാബി പറക്കുന്നതാണ്. നാല് പുതിയ എയര്‍ബസ് A 321 നിയോ എയര്‍ക്രാഫ്റ്റുകള്‍ അടങ്ങുന്നതാണ് വിമാനങ്ങളുടെ നിര. പരിസ്ഥിതി ആഘാതം കുറഞ്ഞ വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്.

ചെലവ് കുറഞ്ഞ ബജറ്റ് വിമാനസര്‍വീസുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന അബൂദാബിയുടെ ബിസിനസ് തന്ത്രങ്ങളുടെ ഭാഗമായാണ് വിസ് എയര്‍ അബൂദാബി എന്ന വിമാനകമ്പനക്ക് രൂപം നല്‍കിയത്. പൂര്‍ണമായും അണുവിമുക്തമാക്കി കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ് എന്ന് വിസ് എയര്‍ അബൂദാബി അധികൃതര്‍ പറഞ്ഞു. നേരത്തേ ഷാര്‍ജയിലെ എയര്‍ അറേബ്യയുമായി കൈകോര്‍ത്ത് എയര്‍ അറേബ്യ അബൂദാബി എന്ന ബജറ്റ് എയര്‍ലൈനിനും രൂപം നല്‍കിയിരുന്നു.