ദുബൈ: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രവാസി വെയിറ്റര്‍ക്ക് മൂന്ന് മാസം തടവ്. കാലാവധി കഴിയുമ്പോള്‍ ഇയാളെ നാടുകടത്താനും ദുബൈ പ്രാഥമിക കോടതി വിധിച്ചു.
അല്‍ മുറാഖാബത്ത് ഏരിയയിലെ അപ്പാര്‍ട്ട്മെന്റില്‍ സഹതാമസക്കാരായ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ 27കാരനായ ഫിലിപ്പീന്‍സ് യുവാവിനാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ആഗസ്തിലാണ് കേസിനാസ്പദമായ സംഭവം.
മൂന്നുവര്‍ഷമായി ഒരു അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചുവരികയായിരുന്ന ഫിലിപ്പീന്‍സ് യുവതി രാവിലെ 5ന് കുളി കഴിഞ്ഞ് മുറിയിലെത്തി വര്‍ക്ക് യൂണിഫോം ധരിക്കുന്നതിനിടെയാണ് യുവാവിന്റെ മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ഫോണിലെ ക്യാമറ ഓണ്‍ ചെയ്തിട്ടുണ്ടായിരുന്നു. ഫോണ്‍ പരിശോധിക്കുന്നതിനിടെ യുവാവ് മുറിയിലേക്ക് എത്തുകയും പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. തന്റെ റൂം മേറ്റായ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഫോണില്‍ കണ്ടെന്ന്് ഇവര്‍ പോലിസിനെ അറിയിച്ചു.
യുവാവ് ഫോണ്‍ തിരിച്ചുവാങ്ങി ഈ വീഡിയോ ഡിലീറ്റ് ചെയ്തു. ഇതേ തുടര്‍ന്ന് യുവതി ദുബൈ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ ഈ വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും ഫോണില്‍ മറ്റ് പല സ്ത്രീകളുടെയും നഗ്നദൃശ്യങ്ങള്‍ ഉണ്ടായിരുന്നതായി ഫിലിപ്പീന്‍സ് യുവതി പൊലീസിനോട് പറഞ്ഞു. സീലിങില്‍ ഒളിപ്പിച്ച ഫോണിന്റെ ക്യാമറ കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താനാവും വിധമാണ് ഇയാള്‍ സ്ഥാപിച്ചിരുന്നത്.
പോലിസിന്റെ ചോദ്യം ചെയ്യലില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി യുവാവ് സമ്മതിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമവും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വകാര്യതയിലേക്ക് കടന്നുകയറിയതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രതിക്കെതിരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന് ചുമത്തിയിരുന്നു.