യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് യാത്രാ നിര്‍ദേശം നല്‍കി ബ്രിട്ടീഷ് എംബസി

അബൂദാബി: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള യാത്രാ നിര്‍ദേശം അപ്ഡേറ്റ് ചെയ്തതായി യുഎഇയിലെ ബ്രിട്ടീഷ് എംബസി അറിയിച്ചു. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, ജനുവരി 16 (ശനിയാഴ്ച) രാവിലെ 8 മണിക്ക് ശേഷം യുകെയില്‍ നിന്നോ അതുവഴി ദുബായിലെത്തുന്ന സഞ്ചാരികളും സന്ദര്‍ശകരും പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളില്‍ പിസിആര്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ഉറപ്പാക്കേണ്ടതാണ്. ചെക്ക് ഇന്‍ ചെയ്യുന്ന സമയം ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

യുകെയില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രക്കാര്‍ പുറപ്പെട്ട് 72 മണിക്കൂറിനുള്ളില്‍ കോവിഡ്-19 പിസിആര്‍ പരിശോധന നടത്തിയിരിക്കണം.  അതോടൊപ്പം എത്തിയതിന് ശേഷവും പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. അതേസമയം അബുദാബിയില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ സര്‍ക്കാര്‍ നല്‍കുന്ന റിസ്റ്റ്ബാന്‍ഡ് ധരിക്കേണ്ടതും കുറഞ്ഞത് 10 ദിവസത്തേക്ക് ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതാണ്. ക്വാറന്റൈന്‍ കാലയളവിനനുസരിച്ച് പിസിആര്‍ പരിശോധനയും നടത്തേണ്ടതുണ്ട്.

ദുബായിലേക്ക് മടങ്ങുന്ന താമസക്കാര്‍ക്ക് യാത്ര ചെയ്യുന്നതിന് മുമ്പായി അനുമതി നേടേണ്ടതുണ്ട്. അതേസമയം യുഎഇയുടെ മറ്റ് ഭാഗങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് മുന്‍കൂര്‍ അനുവാദം എടുക്കേണ്ടതില്ല.