Tuesday, March 9, 2021
Home Featured Gulf News യുഎഇയിലെ എയര്‍ ഇന്ത്യ ഓഫിസിന് മുന്നില്‍ നീണ്ട ക്യൂ; രണ്ടു മണിക്കൂറിനകം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു

യുഎഇയിലെ എയര്‍ ഇന്ത്യ ഓഫിസിന് മുന്നില്‍ നീണ്ട ക്യൂ; രണ്ടു മണിക്കൂറിനകം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു

ദുബൈ: ദുബയിലെയും ഷാര്‍ജയിലെയും എയര്‍ ഇന്ത്യാ ഓഫിസുകള്‍ക്ക് മുന്നില്‍ നാട്ടിലേയ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് ആവശ്യമുള്ളവരുടെ വന്‍ തിരക്ക്. ഭൂരിഭാഗം റൂട്ടുകളിലേക്കും ആദ്യ രണ്ട് മണിക്കൂറിനകം തന്നെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. യുഎഇയില്‍ നിന്ന് വന്ദേഭാരത് മിഷന്‍ പദ്ധതി വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയോ, അറേബ്യന്‍ ട്രാവല്‍ ഏജന്‍സിയുടെ ഓഫീസുകളില്‍ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അബൂദബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചതിനെ തുടര്‍ന്നാണിത്.

ജനത്തിരക്ക് നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ഒടുവില്‍ പോലിസിന്റെ സഹായം തേടേണ്ടി വന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നുള്ള സാധാരണക്കാരായ തൊഴിലാളികളാണ് ടിക്കറ്റിനെത്തിയവരില്‍ ഭൂരിഭാഗവും. കടുത്ത ചൂടിനെ അവഗണിച്ച് മണിക്കൂറുകളോളം ക്യൂ നിന്നവര്‍ ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടിവന്നു. വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായ ലഖ്നോ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞിരിക്കുകയാണ്.

കേരളത്തിലേക്കുള്ള വിമാനങ്ങളില്‍ സീറ്റൊഴിവ്
ജൂണ്‍ 3 മുതല്‍ 14 വരെയുള്ള വിമാനങ്ങളില്‍ ഭൂരിഭാഗം ടിക്കറ്റുകളും രണ്ടു മണിക്കൂറിനകം തന്നെ വിറ്റുപോയതായി ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 41 വിമാനങ്ങളില്‍ 27 എണ്ണം കേരളത്തിലേക്കാണ്. കേരളത്തിലേക്കുള്ള വിമാനങ്ങളില്‍ മാത്രമാണ് നിലവില്‍ സീറ്റ് ഒഴിവുള്ളത്. ഓരോ വിമാനത്തിലുമുള്ള 177 സീറ്റുകളില്‍ 132 സീറ്റുകളിലാണ് നേരിട്ട് ടിക്കറ്റ് വില്‍പ്പന നടത്തുന്നത്. ബാക്കി 45 സീറ്റുകള്‍ എംബസി അടിയന്തര ആവശ്യക്കാര്‍ക്ക് നേരിട്ട് നല്‍കുകയാണ് ചെയ്യുന്നത്.

ട്രാവല്‍ ഏജന്‍സികള്‍ ടിക്കറ്റ് മറിച്ചുവില്‍ക്കുന്നു
എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ടിക്കറ്റ് നല്‍കുക എന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചില ട്രാവല്‍ ഏജന്‍സികള്‍ വന്ദേഭാരത് വിമാനങ്ങളിലെ ടിക്കറ്റുകള്‍ ഒന്നിച്ച് വാങ്ങി മറിച്ചുവില്‍ക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. അബൂദബയിലെ ഒരു ട്രാവല്‍ ഏജന്‍സി ഇങ്ങിനെ ചെയ്തതായി യാത്രക്കാരില്‍ ഒരാള്‍ ആരോപിച്ചു.

Most Popular