Tuesday, June 15, 2021
Home Newsfeed അബൂദബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മലയാളികള്‍ അടക്കം അഞ്ചു പേര്‍ മരിച്ചു

അബൂദബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മലയാളികള്‍ അടക്കം അഞ്ചു പേര്‍ മരിച്ചു

അബൂദബി: പടിഞ്ഞാറന്‍ പ്രവിശ്യയായ ഹലീബില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു. ഇതില്‍ രണ്ടു മലയാളികള്‍ അടക്കം മൂന്ന് പേര്‍ ഇന്ത്യക്കാരാണ്. മലപ്പുറം ചങ്ങരംകുളം മൂക്കുതല നരണി പുഴ സ്വദേശി ഇബ്രാഹിം മഠത്തില്‍ (57 ), ചാലിശ്ശേരി സ്വദേശി രാജു ചീരന്‍ സാമുവല്‍(42 ) , ഗുജറാത്ത് സ്വദേശി പങ്കിള്‍ പട്ടേല്‍(26 ) എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. നാലു പേര്‍ സംഭവസ്ഥലത്തു നിന്നും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരു സ്വദേശി അപകടനില തരണം ചെയ്തിട്ടില്ല.

വ്യാഴാഴ്ച രാവിലെ 8.45ന് അസബിലെ താമസ സ്ഥലത്തുനിന്ന് ഹലീബിലെ ഓയില്‍ഫീല്‍ഡിലേയ്ക്കു പോകുന്നതിനിടെയായിരുന്നു അപകടം. ഇബ്രാഹിം ഓടിച്ച പ്രാഡൊ ഉള്‍റോഡില്‍നിന്ന് പ്രധാന റോഡിലേയ്ക്ക് കയറവെ അമിത വേഗത്തിലെത്തിയ ലാന്‍ഡ്ക്രൂയിസര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് തീപിടിച്ചതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്. മരിച്ചവര്‍ എല്‍ ആന്‍ഡ് ടി കമ്പനിയിലെ ജീവനക്കാരാണ്. അബുദാബി ബദാസായിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കരിക്കും. ഇബ്രാഹിമിന്റെ ഭാര്യ ഷഹറാബി. മൂന്നു കുട്ടികളുണ്ട്.

 

Most Popular