Wednesday, September 22, 2021
Home Sub Title മാരക രോഗം ബാധിച്ച മറ്റൊരു കുഞ്ഞ് കൂടി യുഎഇ ഭരണാധികാരികളുടെ കരുണ തേടുന്നു

മാരക രോഗം ബാധിച്ച മറ്റൊരു കുഞ്ഞ് കൂടി യുഎഇ ഭരണാധികാരികളുടെ കരുണ തേടുന്നു

ദുബൈ: മാരക രോഗം ബാധിച്ച കുഞ്ഞിന്റെ ചികില്‍സയ്ക്ക് പണമില്ലാതെ യുഎഇ ഭരണാധികാരികളുടെ സഹായം തേടി മറ്റൊരു അമ്മ കൂടി. 16 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ആയിഷ ഹസന്‍ ഇബ്രാഹിമിന് വേണ്ടി യുഎഇ പ്രവാസിയായ മറിയം അലിയാണ് സോഷ്യല്‍ മീഡിയ വഴി സഹായം അഭ്യര്‍ഥിച്ചത്. ലവീന്‍ എന്ന ഇറാഖി പെണ്‍കുട്ടിക്ക് ദുബൈ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കോടികള്‍ വില വരുന്ന മരുന്നിനുള്ള പണം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ആയിഷയ്ക്ക് വേണ്ടിയുള്ള സഹായ അഭ്യര്‍ഥന.

ശരീരത്തിന്റെ ചലന ശേഷി ഇല്ലാതാവുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന രോഗമാണ് ആയിഷയ്ക്ക്. കുറേക്കൂടി ഗുരുതര അവസ്ഥയിലുള്ള ആയിഷ ദുബയിലെ ആശുപത്രിയില്‍ ഐസിയുവിലാണ്. ആയിഷ മൂക്കില്‍ ട്യൂബിട്ട് ആശുപത്രിയില്‍ കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


ശ്വസിക്കാനും ഭക്ഷണം വിഴുങ്ങാനും സഹായിക്കുന്ന പേശികളെ ഇപ്പോള്‍ തന്നെ രോഗം കാര്‍ന്നു തിന്നു തുടങ്ങിയിട്ടുണ്ടെന്ന് മാതാവ് മറിയം ഖലീജ് ടൈംസിനോട് പറഞ്ഞു. ഉടന്‍ മരുന്ന് നല്‍കാനായില്ലെങ്കില്‍ ആയിഷയെ വെന്റിലേറ്ററിലേക്കു മാറ്റേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ആയിഷയുടെ രോഗത്തിനുള്ള മരുന്നിന്റെ വില 80 ലക്ഷം ദിര്‍ഹമാണ്. ഈ സിറിയന്‍ കുടുംബത്തെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്ത തുകയാണത്.

യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബൈ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബൂദബി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവരോടാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ വഴി മറിയം സഹായം തേടിയത്.
ALSO WATCH

Most Popular