Monday, June 21, 2021
Home Gulf കോവിഡ് -19 വാക്‌സിൻ പരീക്ഷണം അന്താരാഷ്ട്ര തലത്തിലേക്ക്; ബഹ്റൈനിൽ പുതിയ കേന്ദ്രം തുറന്നു

കോവിഡ് -19 വാക്‌സിൻ പരീക്ഷണം അന്താരാഷ്ട്ര തലത്തിലേക്ക്; ബഹ്റൈനിൽ പുതിയ കേന്ദ്രം തുറന്നു

അബുദാബി: ബഹ്‌റൈനിൽ പുതിയ കേന്ദ്രം തുറന്നതോടെ യുഎഇയുടെ കോവിഡ് -19 വാക്‌സിൻ പരീക്ഷണം അന്താരാഷ്ട്ര തലത്തിലേക്ക് കടക്കുന്നു. അബുദാബി ആസ്ഥാനമാക്കി ബഹ്റൈനിൽ സ്ഥാപിച്ച പുതിയ കേന്ദ്രത്തിൽ വെച്ച് ഒരു സന്നദ്ധപ്രവർത്തകനിൽ ആദ്യമായി വാക്‌സിൻ പരീക്ഷണം നടത്തിയതായി ജി42 ഹെൽത്ത്‌കെയർ കഴിഞ്ഞ ദിവസം അറിയിച്ചു.

നേരത്തെ അബുദാബി നാഷനൽ എക്‌സിബിഷൻ സെന്ററിലും ഷാർജയിലെ അൽ ഖരൈൻ ഹെൽത്ത് സെന്ററിലും വാക്‌സിൻ പരീക്ഷണത്തിനായി യുഎഇ രണ്ട് കേന്ദ്രങ്ങൾ ആരംഭിച്ചിരുന്നു. മൂന്നാമതായി തുടങ്ങിയ ഈ കേന്ദ്രത്തിൽ വെച്ച് ഏകദേശം 6,000 വോളന്റിയർമാരിൽ വാക്‌സിൻ പരീക്ഷിക്കും.

15,000 പേരിൽ പരീക്ഷണം നടത്താൻ ലക്ഷ്യമിട്ട് കഴിഞ്ഞ ജൂലൈ 16നാണ് യുഎഇയിൽ വാക്‌സിൻ പരീക്ഷണം ഔദ്യോഗികമായി ആരംഭിച്ചത്. ചൈനയിലെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം സിഎൻബിജിയുമായി സഹകരിച്ചാണ് “4ഹ്യൂമാനിറ്റി” എന്ന ക്യാമ്പയിനിലൂടെ ജി42 ഹെൽത്ത്‌കെയർ വാക്‌സിൻ പരീക്ഷണം ആരംഭിച്ചത്.

കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഇനിയും നിരവധി കേന്ദ്രങ്ങൾ തുറക്കാനാണ് “4ഹ്യൂമാനിറ്റി” ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ജി42 ഹെൽത്ത് കെയർ സിഇഒ ആശിഷ് കോഷി പറഞ്ഞു. തങ്ങളുടെ ഈ ഉദ്യമത്തിന് ബഹ്‌റൈൻ ആരോഗ്യമന്ത്രാലയത്തിൽ നിന്നും പൊതുസ്ഥാപനങ്ങളിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറ് മുതൽ 12 മാസം വരെ നീണ്ടേക്കാവുന്ന പരീക്ഷണത്തിന് 18നും 60നും ഇടയിൽ പ്രായമുള്ള സന്നദ്ധ പ്രവർത്തകർക്ക് ബഹ്റൈനിലെ പുതിയ കേന്ദ്രത്തിൽ പരീക്ഷണത്തിന് തയ്യാറാകാം. ബഹ്‌റൈനിലേക്ക് വ്യാപിപ്പിച്ചത് പരീക്ഷണത്തിന് കൂടുതൽ വോളന്റിയർമാരെ കിട്ടാൻ സഹായിക്കുമെന്നും കോഷി പറഞ്ഞു.
ആഗോളതലത്തിൽ മറ്റ് രാജ്യങ്ങളിൽ നടക്കുന്ന പരീക്ഷണങ്ങളും ഇത്തരത്തിൽ കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചാണ് നടത്തുന്നത്.

വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണ പ്രക്രിയയുടെ അവസാനഘട്ടമാണ് മൂന്നാംഘട്ടം. ചൈനയിൽ നടത്തിയ ആദ്യ രണ്ട് ഘട്ടങ്ങളിലും ഈ വാക്‌സിൻ പരീക്ഷണം വിജയകരമായിരുന്നു. പരീക്ഷണം നടത്തിയ 100 ശതമാനം ആളുകളിലും രണ്ട് ഡോസ് എടുത്ത് 28 ദിവസത്തിനുള്ളിൽ കോവിഡ് 19 വൈറസിന് ആന്റിബോഡികൾ വികസിപ്പിച്ചിരുന്നു.

അബുദാബിയിൽ ആരംഭിച്ച പരീക്ഷണങ്ങൾ ആരോഗ്യ വകുപ്പുമായി സഹകരിച്ച് ജി4 ഹെൽത്ത്‌കെയർ കൈകാര്യം ചെയ്യുന്നു. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും നിർദേശിച്ച അന്താരാഷ്ട്ര മാർഗ നിർദേശങ്ങൾ പാലിച്ചാണ് അവ നടത്തുന്നത്.

Most Popular