Saturday, July 24, 2021
Home Gulf ഉംറ തീർഥാടനം: ഒരുക്കങ്ങൾ പൂർത്തിയായി; 3,09,686 പേർ അപേക്ഷിച്ചതിൽ അനുമതി നൽകിയത് 1,08,041 പേർക്ക് മാത്രം

ഉംറ തീർഥാടനം: ഒരുക്കങ്ങൾ പൂർത്തിയായി; 3,09,686 പേർ അപേക്ഷിച്ചതിൽ അനുമതി നൽകിയത് 1,08,041 പേർക്ക് മാത്രം

മക്ക: ഒക്ടോബർ നാല് മുതൽ ഉംറ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കോവിഡ് 19 പ്രോട്ടോകോൾ പാലിച്ച് തീർഥാടകരെ വരവേൽക്കാനുള്ള മുഴുവൻ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഇരുഹറം കാര്യമന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തിൽ 1,000 പേർ വീതമുള്ള സംഘങ്ങളായാണ് തീർഥാടകർ ഹറമിലെത്തുക. ആദ്യസംഘം നാളെ രാവിലെ ആറ് മണിക്ക് ഹറമിലെത്തും.

ആഭ്യന്തര തീർഥാടകരിൽ നിന്നും ഉംറ നിർവഹിക്കുന്നതിനായി ‘ഇഅ്തമർനാ’ ആപ്ലിക്കേഷൻ വഴി അപേക്ഷ നൽകിയവരിൽ നിന്ന് 1,08,041 പേർക്കാണ് ഓൺലൈൻ അനുമതി പത്രം അനുവദിച്ചത്. ഇവരിൽ 42,873 അപേക്ഷകർ സ്വദേശികളും 65,128 അപേക്ഷകർ രാജ്യത്ത് കഴിയുന്ന വിദേശികളുമാണ്. 3,09,686 പേരാണ് അപേക്ഷ നൽകിയിരുന്നത്.

ഓരോ തീർഥാടകർക്കും ഉംറ നിർവഹിക്കാൻ മൂന്ന് മണിക്കൂർ വീതം സമയമാണ് അനുവദിച്ചിരിക്കുന്നത്. അസർ നമസ്‌കാരം മുതൽ മഗ്‌രിബ് നമസ്‌കാരം വരെയുള്ള സമയങ്ങളിൽ ഉംറ നിർവഹിക്കുന്നതിന് അനുമതിയില്ലെന്നും ഈ സമയങ്ങളിൽ ശുചീകരണ-അണുനശീകരണ ജോലികളാണ് നടത്തുകയെന്നും മന്ത്രാലയം അറിയിച്ചു.

Most Popular