
ഖത്തര്‍ ഉപരോധം നീക്കാനുള്ള കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങളെ സ്വാഗതം ചെയ്ത് യു.എന്‍ സെക്രട്ടറി ജനറല്‍
ജനീവ: ഖത്തര്‍ ഉപരോധം നീക്കാനുള്ള കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങളെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സ്വാഗതം ചെയ്തതായി റിപ്പോര്‍ട്ട്. ഖത്തര്‍ പ്രാദേശിക പത്രമായ ദ പെനിന്‍സുലയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഗള്‍ഫ് പ്രതിസന്ധിയില്‍ ഉള്‍പ്പെട്ട എല്ലാ രാജ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനും ഉപരോധം നീക്കുന്നത് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് കുവൈത്ത് വിദേശകാര്യ മന്ത്രിയും ആക്ടിംഗ് ഇന്‍ഫര്‍മേഷന്‍ മന്ത്രിയുമായ ഷെയ്ഖ് ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാ പുറത്തിറക്കിയ പ്രസ്താവന ഉപരോധം അവസാനിക്കുന്നതിന്റെ സൂചനയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു.