Thursday, June 17, 2021
Home Gulf പ്രവാസികളുടെ മടക്കം; രണ്ടാംഘട്ടത്തിന് തുടക്കമായി; 36 സര്‍വീസുകളില്‍ 34ഉം ഗള്‍ഫില്‍ നിന്ന്

പ്രവാസികളുടെ മടക്കം; രണ്ടാംഘട്ടത്തിന് തുടക്കമായി; 36 സര്‍വീസുകളില്‍ 34ഉം ഗള്‍ഫില്‍ നിന്ന്

ദുബയ്: കോവിഡ് മൂലം കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കു നാട്ടിലേക്കു മടങ്ങാനുള്ള പ്രത്യേക വിമാന സര്‍വീസിന്റെ രണ്ടാംഘട്ടത്തിനു തുടക്കമായി. രണ്ടാംഘട്ടത്തില്‍ ദുബയില്‍ നിന്ന് കൊച്ചിയിലേക്കാണ് ആദ്യ വിമാനം. രണ്ടാം ഘട്ടത്തിലെ ആദ്യവിമാനത്തില്‍ ഏറെയും ഗര്‍ഭിണികളാണ്. 181 യാത്രക്കാരില്‍ 75 പേരാണ് ഗര്‍ഭിണികള്‍.

അടിയന്തര സാഹചര്യമുണ്ടായാല്‍ ചികിത്സ നല്‍കാനായി ഡോക്ടര്‍മാരും നഴ്‌സുമാരും വിമാനത്തിലുണ്ട്. ചികില്‍ ആവശ്യമുള്ള 35 പേര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിമാനത്തില്‍ ഇടം കിട്ടി. പ്രിയപ്പെട്ടവരുടെ അന്ത്യകര്‍മ്മങ്ങള്‍ക്കായി യാത്രയായവരുമുണ്ട്. ഭാര്യ മരിച്ച പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയകുമാറും അതില്‍പ്പെടുന്നു. അന്ത്യകര്‍മ്മങ്ങള്‍ നടത്താനായി മൃതദേഹം ദിവസങ്ങളായി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. വൈകീട്ട് ആറരയ്ക്ക് വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും.

23 വരെ നീളുന്ന രണ്ടാംഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് 36 സര്‍വീസാണ് ഇന്ത്യയിലേക്ക് നടത്തുന്നത്. ഇതില്‍ 34ഉം ഗള്‍ഫില്‍ നിന്നാണ്. കേരളത്തിലേക്ക് മാത്രം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 26 വിമാനങ്ങള്‍ പറക്കും. ഗള്‍ഫിന് പുറമെ മലേഷ്യയിലെ ക്വലാലംപൂരില്‍ നിന്നാണ് രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്.

ഇന്ന് മൂന്ന് സര്‍വീസുകളാണ് യുഎഇയില്‍ നിന്നുള്ളത്. ദുബയ്-കൊച്ചിക്കു പുറമേ വൈകുന്നേരം അഞ്ചിന് അബൂദബി-തിരുവനന്തപുരം, ആറിന് അബൂദബി -കൊച്ചി വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഓരോ വിമാനത്തിലും പരമാവധി 180 യാത്രക്കാര്‍ ഉണ്ടാവും. രണ്ടാം ഘട്ടത്തില്‍ യു.എ.ഇയില്‍ നിന്ന് മാത്രം 12 സര്‍വീസുകളുണ്ട്. നേരത്തെ ആറെണ്ണമാണ് പ്രഖ്യാപിച്ചിരുന്നത്.

vande bharath mission second phase started

Most Popular