Thursday, September 23, 2021
Home Gulf ഇഴഞ്ഞിഴഞ്ഞ് വന്ദേഭാരത്; ദുരിതക്കയത്തില്‍ വിമാനത്തില്‍ അവസരം കാത്ത് പതിനായിരങ്ങള്‍

ഇഴഞ്ഞിഴഞ്ഞ് വന്ദേഭാരത്; ദുരിതക്കയത്തില്‍ വിമാനത്തില്‍ അവസരം കാത്ത് പതിനായിരങ്ങള്‍

ദോഹ: പ്രവാസികളുടെ ദീര്‍ഘനാളത്തെ നിലവിളികള്‍ക്കൊടുവില്‍ ആരംഭിച്ച വന്ദേഭാരത് ദൗത്യം രണ്ടാംഘട്ടം പകുതിയാവുമ്പോഴും എങ്ങുമെത്തിയില്ല. ലക്ഷക്കണക്കിന് പേര്‍ അവസരത്തിനായി കാത്തിരിക്കുമ്പോള്‍ 2700ഓളം പേര്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് നാടണഞ്ഞത്. നോര്‍ക്കയുടെ കണക്ക് പ്രകാരം 1,69,136 പേര്‍ക്കാണ് അടിയന്തരമായി നാട്ടിലെത്തേണ്ടത്. മൊത്തം രജിസ്റ്റര്‍ ചെയ്തവരാകട്ടെ 4.42 ലക്ഷം പേരും.

രണ്ടാംഘട്ടത്തില്‍ മെയ് 16നും 23നും ഇടയില്‍ പ്രഖ്യാപിച്ച 30 വിമാനങ്ങള്‍ കേരളത്തിലേക്ക് പറന്നാലും നാട്ടിലെത്തുന്നത് വെറും 5100ഓളം ആളുകള്‍ മാത്രമായിരിക്കും. ഏറ്റവും ചുരുങ്ങിയത് ലക്ഷം പേരെങ്കിലും അടിയന്തരമായി നാട്ടിലെത്തേണ്ടവരായുണ്ടെന്ന് പ്രവാസി സംഘടനകള്‍ സ്ഥിരീകരിക്കുന്നു. പ്രവാസ ലോകത്ത് തുടരുന്ന ഓരോ ദിവസവും ആരോഗ്യപരമായും സാമ്പത്തികമായും മാനസികമായും വലിയ പ്രതിസന്ധി നേരിടുന്നവരാണ് ഇവര്‍. നിലവിലുള്ള വേഗത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ കൊറോണയേക്കാള്‍ വലിയ മഹാദുരന്തമായിരിക്കും നേരിടാന്‍ പോകുന്നത്.

ഗുരുതര രോഗികള്‍, ശസ്ത്രക്രിയ കഴിഞ്ഞവര്‍, മരുന്ന് കിട്ടാത്തവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കിക്കിട്ടാത്തവര്‍, ജയില്‍ മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക്ഡൗണിന്റെ ഭാഗമായി മാതാപിതാക്കളില്‍നിന്നു വേറിട്ടുനില്‍ക്കുന്ന കുട്ടികള്‍, വൃദ്ധര്‍, വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍ എന്നിവര്‍ അടിയന്തരമായി നാട്ടിലെത്തേണ്ടവരാണ്. എന്നാല്‍, പല രാജ്യങ്ങളില്‍ നിന്നും എംബസികളുടെയും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെയും സ്വന്തക്കാരാണ് വലിയൊരു വിഭാഗം വിമാനങ്ങളില്‍ സീറ്റ് തരപ്പെടുത്തിയത്.

നാട്ടിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കൂട്ടുകയാണ് കേന്ദ്രം അടിയന്തിരമായി ചെയ്യേണ്ടത്. തിരിച്ചെത്തുന്നവര്‍ക്ക് അവശ്യമായ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുള്ള കേരളം പോലുള്ള ഇടങ്ങളിലേക്ക് അത് സാധ്യവുമാണ്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും വിമാനത്താവളങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ദിവസവും ഒരു വിമാനമെങ്കിലും ഏര്‍പ്പെടുത്തിയാലേ ഇക്കാര്യത്തില്‍ ഒരുപരിധി വരെ പരിഹാരം കാണാനാവൂ. ഗള്‍ഫ് രാജ്യങ്ങളുടെ വലിയ വിമാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാല്‍ പരമാവധി മൂന്നാഴ്ച്ചകൊണ്ട് അടിയന്തര ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് നാട്ടിലെത്താനാവും.

ഗള്‍ഫില്‍ ചൂട് കനക്കുകയാണ്. മാനസിക സമ്മര്‍ദ്ദത്തോടൊപ്പം പുറത്തെ ചൂടും കൂടിയാവുമ്പോള്‍ സ്ഥിതി ഗുരുതരമാവും. പൊതുമാപ്പ് ലഭിച്ച് കുവൈത്തില്‍ ദുരിത സാഹചര്യത്തില്‍ കഴിയുന്നത് പതിനായിരത്തിലേറെ ഇന്ത്യക്കാരാണ്. ചൂട് കാലത്ത് ഇവരുടെ കാര്യവും കൂടുതല്‍ ദുരിതത്തിലാവും. ഇത്തവണ പ്രളയ ഭീഷണി നിലനില്‍ക്കുന്നത് മറ്റൊരു ആശങ്കയാണ്. കാലാവസ്ഥ പ്രതികൂലമായാല്‍ പലപ്പോഴും വിമാനങ്ങള്‍ക്ക് സമയത്ത് നിലത്തിറങ്ങാന്‍ സാധിക്കാത്ത സ്ഥിതിയും സംജാതമാവും. പ്രളയമുണ്ടയാല്‍ രോഗികള്‍ ഉള്‍പ്പെടെ വഴിയില്‍ കുടുങ്ങാനുള്ള സാധ്യതയും ക്വാരന്റൈന്‍ സൗകര്യം ഒരുക്കാനുള്ള പ്രയാസവും വെല്ലുവിളി സൃഷ്ടിക്കും.

vande bharath number of flight service not enough to solve the crisis


 

Most Popular