Friday, June 25, 2021
Home Gulf കുവൈത്തില്‍ കമ്പനികളുടെ നിയമലംഘനം: തൊഴിലാളികളെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്, വിസാ കച്ചവടത്തിനെതിരെ നടപടി

കുവൈത്തില്‍ കമ്പനികളുടെ നിയമലംഘനം: തൊഴിലാളികളെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്, വിസാ കച്ചവടത്തിനെതിരെ നടപടി

കുവൈത്ത് സിറ്റി: നിയമലംഘനം നടത്തുകയും മുന്നറിയിപ്പ് നല്‍കിയിട്ടും തിരുത്താതിരിക്കുകയും ചെയ്യുന്ന കമ്പനികളിലെ മുഴുവന്‍ തൊഴിലാളികളെയും നാടുകടത്തുമെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്.

നിലവില്‍ തൊഴില്‍ നിയമം ലംഘിക്കുന്ന കമ്പനികളുടെ ഫയല്‍ മരവിപ്പിക്കുകയാണ് ചെയ്തുവരുന്നത്. എന്നിട്ടും നിരവധി കമ്പനികള്‍ മാന്‍പവര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ തീര്‍ക്കാതെ ബിസിനസ് പതിവ് പോലെ തുടരുന്നു. ഇത് അനുവദിക്കില്ലെന്നും അടുത്ത വര്‍ഷം ശക്തമായ നടപടികളുണ്ടാവുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പ്രവര്‍ത്തനം അസാധ്യമാക്കും വിധം മുഴുവന്‍ തൊഴിലാളികളെയും മുന്നറിയിപ്പില്ലാതെ നാടുകടത്തുന്നതാണ് പരിഗണിക്കുന്നതെന്ന് അധികൃതര്‍ സൂചിപ്പിച്ചു. മനുഷ്യക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വിസക്കച്ചവടം നടത്തല്‍, ഇഖാമ കാലാവധി കഴിഞ്ഞ തൊഴിലാളികളെ ജോലിക്ക് വെക്കല്‍, തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിനും മതിയായ താമസസൗകര്യം ഉറപ്പാക്കുന്നതിലും വീഴ്ച തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും.

വിസക്കച്ചവടത്തിനായി മാത്രം രൂപീകരിച്ച കടലാസുകമ്പനികളെ പിടികൂടാന്‍ ജനുവരി മുതല്‍ പ്രത്യേക പരിശോധന കാമ്പയിന്‍ നടത്തും. ഫയലുകള്‍ മരവിപ്പിക്കപ്പെട്ടിട്ടുള്ള കമ്പനിയുമായി ബന്ധപ്പെട്ടവര്‍ എത്രയും വേഗം മാന്‍പവര്‍ അതോറിറ്റിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Most Popular