Thursday, July 29, 2021
Home Gulf യുഎഇ സന്ദര്‍ശക വിസാ നിയന്ത്രണം: വിമാനത്താവളത്തിലെത്തിയവര്‍ക്ക് നിരാശയോടെ മടക്കം

യുഎഇ സന്ദര്‍ശക വിസാ നിയന്ത്രണം: വിമാനത്താവളത്തിലെത്തിയവര്‍ക്ക് നിരാശയോടെ മടക്കം

ദുബായ്: സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് വരാന്‍ ഇന്ത്യന്‍ അധികൃതര്‍ അനുവാദം നല്‍കാത്തതിനെ തുടര്‍ന്ന് വിമാനത്താവത്തിലെത്തിയ യാത്രികര്‍ക്ക് നിരാശയോടെ മടക്കം. കോവിഡ് 19 പ്രതിരോധ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇവര്‍ യാത്രക്കെത്തിയത്.

വന്ദേ ഭാരത് മിഷന്‍ പദ്ധതി പ്രകാരം സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യാ എക്‌സപ്രസില്‍ സന്ദര്‍ശക വിസ യാത്രക്കാരെ അനുവദിക്കില്ലെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. സന്ദര്‍ക വിസയില്‍ ജോലി തേടി യുഎഇയിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, അടിയന്തരഘട്ടങ്ങളില്‍ കുടുംബാംഗങ്ങളെ കാണാനും ജോലി ഉറപ്പായവര്‍ക്കും നിയന്ത്രണത്തില്‍ ഇളവുണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാല്‍, ദുബായിലുള്ള കുടുംബാംഗങ്ങളെ കാണാന്‍ വിമാനത്താവളത്തിലെത്തിയ നിഹാല്‍ മുബാറകിനും, ഷംന കാസിമിനും യാത്ര ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് തിരിച്ചു പോരേണ്ടി വന്നു. പിതാവ് നാട്ടിലുള്ള നിഹാല്‍ കേരളത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ നിഹാലിനെ വിമാനത്തില്‍ കയറുന്നതിന് തൊട്ടു മുന്‍പാണ് യാത്ര അനുവദിക്കില്ലെന്ന് അറിയിച്ചത്.

ഫാര്‍മസിസ്റ്റായ ഷംന ഭര്‍ത്താവ് ബാസില്‍ അബ്ദുല്‍ ജബ്ബാറിനടുത്തേക്ക് വരാനാണ് വിസയെടുത്തത്. ദുബായില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി നോക്കുകയാണ് ബാസില്‍. അടുത്തിടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ജോലി സംബന്ധമായി ബാസിലിനു വേഗം തിരിച്ചു പോരേണ്ടി വന്നതിനാലാണ് സന്ദര്‍ശക വിസയില്‍ ഷംനയെ കൊണ്ടുവരാന്‍ തീരുമാനിച്ചത്.

വിമാനത്താവളത്തില്‍ നിന്ന് നിരാശരായി തിരിച്ചുപോകേണ്ടി വന്ന സംഭവത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഖേദം പ്രകടിപ്പിച്ചു. പ്രശ്‌നം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും വിലക്ക് നീക്കം ചെയ്യാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശക വിസയില്‍ ജോലി തേടിയെത്തി വീണ്ടും പ്രതിസന്ധിയിലാകും എന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും മറ്റുള്ളവരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Popular