Tuesday, August 3, 2021
Home Gulf Bahrain ബഹ്‌റൈനിൽ ജോലിക്കെത്തിയ മലയാളികൾക്ക് ദുരിതം

ബഹ്‌റൈനിൽ ജോലിക്കെത്തിയ മലയാളികൾക്ക് ദുരിതം

മനാമ: ബഹ്‌റൈനിൽ ജോലി തേടിയെത്തിയ മലയാളി യുവാക്കൾക്ക് ദുരിതം. നാട്ടുകാരായ ഏജന്റുമാർ വഴി ബഹ്‌റൈനിലെത്തിയ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളായ 24 പേരാണ് ജോലി ലഭിക്കാതെ ഹിദ്ദിലെ കെട്ടിടത്തിൽ ദുരിതമനുഭവിക്കുന്നത്.

ബഹ്‌റൈനിൽ വിവിധ കമ്പനികളുടെ ജോലികൾ കരാർ എടുക്കുന്ന കമ്പനിയിലേക്ക് വെൽഡർ, ഫാബ്രിക്കേറ്റർ ജോലികളിലേക്ക് ആളുകളെ ആവശ്യമുണ്ടെന്ന വാട്ട്‌സ്ആപ്പ് സന്ദേശത്തെ തുടർന്നാണ് ഇവർ ഏജന്റുമാരെ ബദ്ധപ്പെട്ടത്. ഒരു മണിക്കൂർ ജോലിക്ക് ഒരു ദിനാർ പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഇവരിൽ നിന്ന് 75,000 രൂപ വീതം ഏജന്റുമാർ കൈക്കലാക്കുകയും ചെയ്തു. ഇത്തരത്തിൽ നാൽപതോളം പേരെ കഴിഞ്ഞ ഒക്ടോബറിൽ ഇവിടെയെത്തിച്ചു.

വിവിധ കമ്പനികളിൽ ജോലിക്കു വിട്ട ഇവരിൽ പലർക്കും നാലും അഞ്ചും മാസം ജോലി ചെയ്തിട്ടും ശമ്പളമൊന്നും ലഭിച്ചില്ല. ചിലർക്ക് ഒരു മാസത്തെ ശമ്പളം കിട്ടി. ശമ്പളം ലഭിക്കാത്തവരിൽ ചിലർ ദുരിതമനുഭവിക്കാൻ കഴിയാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ബാക്കിയുള്ളവർ ശമ്പളം കിട്ടാതെ ഇനി ജോലിക്ക് പോകില്ലെന്ന ഉറപ്പിച്ചിരിക്കുന്നു. രണ്ട് മാസമായി ഇവർക്കാർക്കും ജോലിയില്ല. വിവരങ്ങൾ വിശദമാക്കി തൊഴിൽ, സാമൂഹികക്ഷേമ മന്ത്രാലയത്തിന് പരാതി നൽകിയിരിക്കുകയാണിപ്പോൾ.

പണിയില്ലാതിരിക്കുന്നതിനാൽ ഇവരുടെ ഭക്ഷണകാര്യവും അവതാളത്തിലായിരിക്കുകയാണ്. ജോലിക്ക് പോകുന്ന സമയത്ത് കമ്പനി ഭക്ഷണം ലഭിക്കുമായിരുന്നു. സാമൂഹികപ്രവർത്തകർ എത്തിക്കുന്ന സാധനങ്ങളാണ് ഇപ്പോൾ ഇവരുടെ ഏക ആശ്രയം.

അതേസമയം, കരാറെടുത്ത കമ്പനികളിൽ നിന്ന് പണം ലഭിച്ചിട്ടില്ലെന്നും അതു കിട്ടിയാൽ മാത്രമേ ശമ്പളം നൽകാൻ കഴിയൂ എന്നുമാണ് കമ്പനിയുടെ നിലപാട്. ജോലിക്ക് കൊണ്ടു വന്ന ഏജന്റുമാരുടെ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ആണ്. അധികൃതർ ഉചിതമായ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണിവർ.

Most Popular