അതിരാവിലെ നാരങ്ങവെള്ളം കുടിച്ചാല്‍

ചെറുനാരങ്ങ കൊണ്ടുള്ള ഉപയോഗങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്തവയാണ്. പറഞ്ഞുതീരാത്ത ചില നാരാങ്ങാ വിശേഷങ്ങള്‍

ജീവകങ്ങളുടേയും ധാതുക്കളുടേയും കലവറ

ജീവകം സി വലിയൊരളവില്‍ ലഭ്യമായ ചെറുനാരങ്ങ ഇക്കാരണത്താല്‍ തന്നെയാണ് നല്ലൊരു ആന്റി ഓക്സിഡന്റ് ആണെന്ന് പറയുന്നതും. ആന്റി ബാക്റ്റീരിയല്‍ കൂടിയായ നാരങ്ങ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതിലെ മറ്റൊരു ഘടകമായ ജീവകം ബി ഉന്മേഷം ഉണ്ടാകാനും റിബോഫ്ലാവിന്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കും റിപ്പയറിങിനും സഹായിക്കുകയും ചെയ്യും. കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവ പല്ലിനും എല്ലിനും കരുത്തേകുന്നതും കൂടിയാകുന്നതോടെ ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ഘടകങ്ങളുടേയും വലിയൊരു സ്രോതസ്സാവുകയാണ് നാരങ്ങ.

കരള്‍ ശുദ്ധീകരണം

ദഹനക്രമത്തെ പരിപോഷിപ്പിക്കാന്‍ ആവശ്യമായ ബയോ കെമിക്കല്‍സ്, പ്രോട്ടീന്‍ എന്നിവയെ ഉല്‍പ്പാദിപ്പിക്കുന്ന കരള്‍ എന്ന അവയവത്തിന്റെ ധര്‍മ്മത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നാരങ്ങ എന്ന കുഞ്ഞ് ഫലത്തിന് സാധിക്കുമത്രേ. കരളിനെ ശുദ്ധീകരിക്കുന്ന എന്‍സൈമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നാരങ്ങാ വെള്ളത്തിന് സാധിക്കും.

പ്രായം മറയ്ക്കാം

പ്രായത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ശരീര ചുളിവുകളെ ഇല്ലാതാക്കാന്‍ നാരങ്ങയ്ക്ക് കഴിയും. നാരങ്ങാനീരിന്റെ ദൈനംദിന ഉപയോഗം ശരീരത്തിന് പ്രായത്തിന്റെ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നത് കുറയ്ക്കും. ടോക്സിനുകളെ പ്രതിരോധിക്കാന്‍ നാരങ്ങാനീരിനാകും മാത്രമല്ല ചര്‍മ്മത്തിന് തിളക്കവും പ്രദാനം ചെയ്യും.

ഭാരം കുറയ്ക്കാം

കരളിലെ ടോക്സിനുകളെ ഇല്ലായ്മ ചെയ്യുന്നതിനാല്‍ ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഡയറ്റും ശാരീരിക വ്യായാമങ്ങളും ചെയ്യുന്നതിനൊപ്പം ഒരു ഗ്ലാസ് നാരങ്ങാവെള്ളവും കുടിച്ചോളൂ കൊഴുപ്പിന്റെ പ്രശ്നങ്ങളെ അതിജീവിക്കാം.

ശ്വസനേന്ദ്രിയ പ്രശ്നങ്ങളെ പരിഹരിക്കാം

നെഞ്ചിലെ അണുബാധ, ചെറിയ ചുമ, ആസ്ത്മ, അലര്‍ജി എന്നിവയ്ക്കുള്ള ചികിത്സയായും നാരങ്ങയെ ഉപയോഗപ്പെടുത്താറുണ്ട്. ചീത്ത ശ്വാസോച്ഛാസം, പല്ലുവേദന, മോണപഴുപ്പ് എന്നിവയ്ക്കും പരിഹാരമാണ്.

കിഡ്‌നിയിലെ കല്ല്
കിഡ്‌നിയിലെ കല്ല് ഉള്‍പ്പെടെ കിഡ്‌നി സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും നാരങ്ങാനീര് ഒരു പരിഹാരമാണ്. സ്ഥിരമായി രാവിലെ വെറും വയറ്റില്‍ നാരങ്ങാ നീര് കുടിച്ചാല്‍ കിഡ്‌നിയില്‍ കല്ല് വരുന്നത് തടയാം

അതിരാവിലെ എങ്ങനെ കുടിക്കാം
ഒരു ഗ്ലാസ് മുഴുവന്‍ വെള്ളമെടുക്കുക, തണുത്തതോ ചൂടുള്ളതോ എന്തുമാവാം. ചൂടുവെള്ളം ആണ് ഉത്തമം.
ഒരു നാരങ്ങയുടെ പകുതിയുടെ നീര് വെള്ളത്തിലേക്ക് ചേര്‍ക്കുക. ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് ഇളക്കി കുടിക്കുക.