ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോമാണ് യുട്യൂബ്. നമുക്കൊരു ജിമെയില്‍ ഐഡി ഉണ്ടെങ്കില്‍ യുട്യൂബ് അക്കൗണ്ട് തുടങ്ങാം, വീഡിയോ അപ്ലോഡ് ചെയ്യാം. നമ്മുടെ ഓഡിയന്‍സുമായി സംവദിക്കാം. യുട്യൂബിന്റെ നിമാവലിക്കോ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിനോ വിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ മാത്രമേ നമ്മുടെ അക്കൗണ്ടിലോ വീഡിയോകളിലോ യുട്യൂബ് ഇടപെടുകയുള്ളു.
നിലവില്‍ യുട്യൂബില്‍ ഓരോ മിനിറ്റിലും 3000 മണിക്കൂര്‍ നീളമുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യപ്പെടുന്നു എന്നാണ് കണക്ക്. ഇങ്ങിനെ വലിയൊരു വീഡിയോ ശേഖരമുള്ള യുട്യൂബ് ഡിസംബര്‍ 10 മുതല്‍ എല്ലാമങ്ങ് മാറ്റുകയാണ്.
യുട്യൂബര്‍മാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന തീരുമാനം
യുട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു തീരുമാനമാണ് യുട്യൂബ് കൈക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അടുത്തിടെ യുട്യൂബിന് വലിയൊരു തുക പിഴ ചുമത്തിയിരുന്നു. ഏതാണ്ട 2000 കോടി രൂപയുടെ പണിയാണ് യുട്യൂബിന് കിട്ടിയത്.
മാതാപിതാക്കളുടെ സമ്മതമില്ലാതെ യുട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്തുവെന്നും ഈ കുട്ടികളുടെ വിവരങ്ങള്‍ യുട്യൂബ് ശേഖരിച്ചു എന്നതുമായിരുന്നു കുറ്റം. ഈ വലിയ പിഴ കിട്ടിയതോടെയാണ് യുട്യൂബ് പലതരത്തിലുള്ള പരിഷ്‌കാരങ്ങളുമായി രംഗത്തെത്തിയത്.
അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ പുതിയ നിബന്ധന
കുട്ടികളുടെ വീഡിയോ അപ്ലോഡ് ചെയ്യുന്നതിന് പല നിബന്ധനകളും കര്‍ശനമാക്കി. ഇതിനോടൊപ്പമാണ് പുതിയൊരു നിയമം കൂടിവന്നത്. യുട്യൂബിന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള പുതിയ നിബന്ധനകള്‍ പ്രകാരം യുട്യൂബിന് ലാഭകരമല്ല എന്ന് അവര്‍ക്ക് തോന്നുന്ന ഏത് അക്കൗണ്ടും ഏത് സമയത്തും അവര്‍ക്ക് പൂട്ടാന്‍ അവകാശമുണ്ട്.
നിങ്ങളൊരു ഇമെയില്‍ അക്കൗണ്ടുമായി യുട്യുൂബില്‍ ഒരു അക്കൗണ്ട് തുടങ്ങി കുറേ വീഡിയോകള്‍ അപ്ലോഡ് ചെയ്ത് ആ വീഡിയോകള്‍ എല്ലാ സമയത്തും കാണാം എന്നതായിരുന്നു ഇത്രയും കാലം യുട്യൂബ് എന്ന സൗജന്യ പ്ലാറ്റ്‌ഫോമിന്റെ ഒരു ഗുണമേന്മ. നമ്മള്‍ യുട്യൂബിന് പൈസയൊന്നും കൊടുക്കേണ്ട. എന്നാല്‍, നമ്മുടെ വീഡിയോ വളരെ ഹിറ്റായല്‍ നമുക്ക് യുട്യൂബ് പൈസ ഇങ്ങോട്ട് തരും.
ഈ സവിശേഷത ഉപയോഗിച്ചാണ് പലരും മികച്ച വീഡിയോകള്‍ സൃഷ്ടിച്ച് യുട്യൂബിലൂടെ പണമുണ്ടാക്കിയിരുന്നത്. എന്നാല്‍, ഡിസംബര്‍ 10 മുതല്‍ നിലവില്‍ വരുന്ന നിയമങ്ങള്‍ പ്രകാരം യുട്യൂബില്‍ നിങ്ങളൊരു അക്കൗണ്ട് തുടങ്ങി ആ അക്കൗണ്ടില്‍ ഇടുന്ന വീഡിയോകള്‍ ലാഭകരമല്ലെന്ന് യുട്യൂബിന് തോന്നിയാല്‍ യുട്യൂബിന് അത് നീക്കം ചെയ്യാം.
പുതിയ പരിഷ്‌കാരത്തിനു പിന്നില്‍
എന്താണ് ഇത്തരമൊരു തീരുമാനത്തില്‍ യുട്യൂബ് എത്താനുള്ള കാരണം എന്താണ്. അത് പ്രധാനമായും കുട്ടികളുടെ വീഡിയോ അപ്ലോഡ് ചെയ്ത പ്രശ്‌നത്തില്‍ നിന്ന് തുടങ്ങുന്നു. ഒരു നിയന്ത്രണവും ഇല്ലാതെ പലരും വീഡിയോ അപ്ലോഡ് ചെയ്യുകയും ആ വീഡിയോകളിലൂടെ യുട്യൂബിന് വലിയൊരു നഷ്ടം ഉണ്ടാവുകയും ചെയ്തു. അതു കൊണ്ട് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ വരുന്ന കണ്ടന്റും ആ കണ്ടന്റ് കൊണ്ട് തങ്ങള്‍ക്കുണ്ടാവുന്ന ഗുണവും ദോഷവുമൊക്കെ യുട്യൂബിന് ഇനി കൃത്യമായി വിലയിരുത്തേണ്ടിവരും.
അത്തരമൊരു വിലയിരുത്തലില്‍ വലിയൊരു വിഭാഗം വീഡിയോകള്‍ കമ്പനിക്ക് സാമ്പത്തികമായി നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് യുട്യൂബ് കണ്ടെത്തി. ഇത്തരമൊരു കണ്ടെത്തലാണ് യുട്യൂബിന്റെ പുതിയ പരിഷ്‌കാരത്തിനു പിന്നില്‍. ഇതിലൂടെ യുട്യൂബില്‍ നമ്മള്‍ ഇതുവരെ കണ്ട ലക്ഷക്കണക്കിന് വീഡിയോകള്‍ യുട്യൂബില്‍ നിന്ന് നീക്കംചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. ചിലപ്പോള്‍ നിങ്ങളുടെ അക്കൗണ്ട് തന്നെ നഷ്ടപ്പെട്ടേക്കാം.
യുട്യൂബ് പെയ്ഡ് സര്‍വീസ് ആകുമോ?
അഞ്ചോ പത്തോ വ്യൂ ഉള്ള കുറേ വീഡിയോ ഉള്ളതുകൊണ്ട് കാര്യമില്ലെന്നും കുറേ വ്യൂവും മികച്ച കണ്ടന്റും ഉള്ള വീഡിയോകളാണ് വേണ്ടത് എന്ന ബോധ്യത്തിലേക്കാണ് യുട്യൂബ് പോകുന്നത്. സൗജന്യമായിരുന്ന യുട്യൂബ് പെയ്ഡ് ആയിട്ടുള്ളതും മികച്ച കണ്ടന്റുമുള്ള ഒരു പ്ലാറ്റഫോമായി മാറാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് കരുതുന്നവരുണ്ട്.
പരിഷ്‌കാരം സ്വകാര്യ വീഡിയോകള്‍ ഒഴിവാക്കാനോ?
അതേ സമയം, തങ്ങളുടെ വീഡിയോകള്‍ സൂക്ഷിക്കാനുള്ള ഒരു സ്‌റ്റോറേജ് സ്‌പേസായി മാത്രം യുട്യൂബിനെ ഉപയോഗിക്കുന്നവരെ ഒഴിവാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും സൂചയുണ്ട്. പലരും തങ്ങളുടെ സ്വകാര്യ വീഡിയോകള്‍ പ്രൈവറ്റ് മോഡിലാക്കി യുട്യൂബില്‍ അപ്ലോഡ് ചെയ്ത് സൂക്ഷിക്കാറുണ്ട്. ഇതുകൊണ്ട് യുട്യൂബിന് യാതൊരു തരത്തിലുള്ള ഗുണവും ഇല്ലെന്ന് മാത്രമല്ല ധാരാളം സ്‌റ്റോറേജ് സ്‌പേസ് നഷ്ടപ്പെടുകയും ചെയ്യും. ഇത്തരക്കാരെ ഒഴിവാക്കാനാണ് ഡിസംബര്‍ 10 മുതല്‍ യുട്യൂബ് പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നതെന്നാണ് പറയപ്പെടുന്നത്.