ബൈക്ക് യാത്ര ചെയ്യുമ്പോള്‍ വഴിയില്‍ കൈനീട്ടുന്നവര്‍ക്ക് നാം ലിഫ്റ്റ് കൊടുക്കാറുണ്ട്. സാധാരണ ഗതിയില്‍ ഇവര്‍ ഹെല്‍മറ്റ് ധരിക്കാതെയാവും യാത്ര ചെയ്യുന്നത്. എന്നാല്‍ പിന്നിലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം നിര്‍ബന്ധമാകുമ്പോള്‍ യാത്രക്കാര്‍ക്കാരും പൊതുജനങ്ങള്‍ക്കും പല സംശയങ്ങളും ഉയരാവുന്നതാണ്. അത്തരത്തിലുള്ള 10 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ചുവടെ.
1. പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം എന്ന് മുതല്‍?
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ ഒന്ന് മുതല്‍ നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ കര്‍ശന നടപടികള്‍ ഉടന്‍ കൈക്കൊള്ളില്ല. ബോധവല്‍ക്കരണത്തിലൂടെ നിയമം നടപ്പാക്കും.
2. ലിഫ്റ്റ് കൊടുക്കുമ്പോള്‍ പിന്യാത്രക്കാരന് ഹെല്‍മറ്റ് ഇല്ലെങ്കില്‍ പിഴ ഒടുക്കേണ്ടത് ആര്?
ലിഫ്റ്റ് പോലുള്ള പരസഹായം ചെയ്താല്‍ ആദ്യം പിഴ ചോദിക്കുന്നത് പിന്യാത്രക്കാരനോട് തന്നെയായിരിക്കും. എന്നാല്‍, അവര്‍ നല്കാന് വിസമ്മതിച്ചാല്‍ വാഹനം ഓടിച്ച ആള് പിഴ നല്‍കണം.
3 .ആര്‍ക്കാണ് ഹെല്‍മറ്റ് നിര്‍ബന്ധം?
കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിയിലെ സെക്ഷന്‍ 129 പ്രകാരം ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്കും പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും, നാല് വയസ്സിനു മുകളില്‍ ഉള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്.
4. എങ്ങനെയുള്ള ഹെല്‍മറ്റ് ആണ് ഉപയോഗിക്കേണ്ടത്?
അപകടം പറ്റിയാല്‍ തലക്ക് ക്ഷതമേല്ക്കാത്ത വിധത്തിലുള്ള കവറിങ് ഉള്ള ഹെല്‍മറ്റ് വേണം ഉപയോഗിക്കാന്‍. ഹെല്‍മറ്റിന് ഐഎസ്ഐ മുദ്രയും, ചിന് സ്ട്രാപ്പും ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും, യാത്രയില്‍ ചിന് സ്ട്രാപ്പ് ടൈറ്റാക്കി ധരിക്കുകയും വേണം.
5. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ഉള്ള പിഴയെത്ര?
മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 1000 രൂപയും ഒപ്പം മൂന്ന് മാസത്തേക്ക് വരെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്. നേരത്തെ 100 രൂപയായിരുന്നു പിഴ.
6. ഇരുചക്രവാഹനങ്ങളില്‍ മൂന്നു പേരെ കയറ്റിയാല്‍ എന്താണ് ശിക്ഷ?
രണ്ട് പേരില്‍ കൂടുതല്‍ ഇരുചക്ര വാഹനങ്ങളില്‍ കയറിയാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 194 (സി) പ്രകാരം 2000 രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസന്‍സും സസ്പെന്‍ഡ് ചെയ്യും.
7. നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പോലീസിന് പിന്തുടര്ന്ന് പിടിക്കാമോ?
ഇല്ല, ഹൈക്കോടതി ഉത്തരവ് പ്രകാരം റോഡിന് നടുവില്‍ നിന്ന് തടയാന്‍ പാടില്ല. പകരം ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാം, ഹെല്‍മെറ്റ് വെക്കാതെ ഇരമ്പിചെന്നാല് വയര്ലെസ്സുകളിലൂടെ ഇന്‍ഫര്‍മേഷന്‍ നല്കി വേണമെങ്കില്‍ ബാരിക്കേഡുകള്‍ വെച്ച് തടയാം.
8. മദ്യപിച്ച് ഇരുചക്ര വാഹനം ഓടിച്ചാല്‍ ഉള്ള പിഴ?
മദ്യപിച്ച് വാഹനമോടിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 185 പ്രകാരം 1000 മുതല്‍ 2000 വരെയാണ് പിഴ. അതിന് ഇരുചക്ര വാഹനമെന്നോ മുച്ചക്ര വാഹനമെന്നോ വ്യത്യാസമില്ല.
9. ഇരുചക്രവാഹനങ്ങള്‍ അമിത വേഗതയില്‍ പോയാല്‍?
മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 189 പ്രകാരം സ്പീഡിങ്ങിനും റേസിങ്ങിനും 500 മുതല്‍ 5000 വരെ പിഴയിടാക്കാം.
10. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍?
മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 196 പ്രകാരം ഇന്‍ഷുറന്‍സ് ഇല്ലാതെ ഓടിച്ചാല്‍ 1000 മുതല്‍ 2000 വരെ പിഴ വീഴും.