ജനങ്ങൾ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാൻ എടുക്കുന്ന അടിയന്തിര പെരുമാറ്റച്ചട്ടം ആണ് ലോക്ക് ഡൗൺ. എവിടെയാണ് നിങ്ങൾ അവിടെ തുടരണമെന്നാണ് പരിപൂർണ്ണ ലോക്ക് ഡൗൺ കൊണ്ടുദ്ദേശിക്കുന്നത്. നിങ്ങൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നോ പ്രദേശത്ത് നിന്നോ മാറാൻ നിങ്ങൾക്ക് അനുമതിയുണ്ടാവില്ല.
കോവിഡ് രോഗ വ്യാപനത്തിനെതിരേയുള്ള മുൻകരുതലെന്നോണമാണ് രാജ്യത്തെ 80 നഗരങ്ങൾ ലോക്ക് ഡൗണിലേക്ക് പോകുന്നത്. ഏറ്റവും അധികം ചലിക്കുന്ന നഗരങ്ങളായ മുംബൈ, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളെല്ലാം പൂർണ്ണമായും ബന്തവസ്സിലാണ്.
അവശ്യസാധന സർവ്വീസുകളെ പൊതുവെ ലോക്കഡൗൺ ബാധിക്കാറില്ല. ഫാർമസികൾ, പലചരക്ക് പച്ചക്കറി കടകൾ, ബാങ്കുകൾ എന്നിവയുടെ സേവനം സാധാരണ ലോക്ക് ഡൗണുകളിൽ നിർത്തിവെപ്പിക്കാറില്ല. അവശ്യമല്ലാത്ത എല്ലാ സർവ്വീസുകളും പരിപാടികളും ആഘോഷങ്ങളും ഈ കാലയളവിൽ പൂർണ്ണമായും നിർത്തി വെപ്പിക്കും.
എന്തെല്ലാമാണ് അവശ്യ സർവ്വീസുകൾ?
പഴം-പച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുടെ വിതരണംഭക്ഷ്യോത്പാദന കേന്ദ്രങ്ങൾ, പമ്പ് നടത്തിപ്പുകാർ. അരി മില്ലുകൾ, പാൽ, പാൽ ഉത്പന്ന ഉത്പാദന വിതരണ കേന്ദ്രങ്ങൾ, ഫാർമസി, മരുന്ന്, ആരോഗ്യ കേന്ദ്രങ്ങൾടെലികോം, ഇൻഷുറൻസ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകൾ എന്നിവയുടെയെല്ലാം പ്രവർത്തനത്തിന് ലോക്ക് ഡൗൺ കാലയളവിൽ തടസ്സമുണ്ടാവില്ല
നിയമം ലംഘിച്ചാൽ
ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചാൽ ഒരുമാസം തടവും പിഴയുമാണ് ശിക്ഷ.
ജോലി സ്ഥലത്ത് പോകാനാവുമോ?
പ്രധാന നഗരങ്ങളിലെ സ്വകാര്യ കമ്പനികളോടെല്ലാം തന്നെ വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യം ജീവനക്കാർക്ക് നൽകാൻ സർക്കാർ ഇതിനോടകം തന്നെ നിർദേശിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ കാലാവധി അവസാനിക്കും വരെ ഏറ്റവും കുറഞ്ഞ ജീവനക്കാരെ ഉൾപ്പെടുത്തി വേണം ഓരോ സ്ഥാപനവും ജോലി ചിട്ടപ്പെടുത്താൻ. കൂലിത്തൊഴിലാളികൾക്കും ദിവസവേതന തൊഴിലാളികൾക്കും ആശ്വാസ സഹായം കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം വന്നാൽ
ആശുപത്രി, ഫാർമസി പോലുള്ള അടിയന്തിര ആവശ്യങ്ങൾ നിറവേറ്റാൻ തടസ്സമുണ്ടാവില്ല.
ലോക്ക് ഡൗണും കര്‍ഫ്യൂവും തമ്മിലുള്ള വ്യത്യാസം
കര്‍ഫ്യൂവില്‍ ഡെഡ്‌ലൈന്‍ കഴിയുന്നതുവരെ വീടിനകത്ത് തന്നെ കഴിയണം. അടിയന്തര സാഹചര്യത്തില്‍ മാത്രമാണ് ഇത് നടപ്പാക്കുന്നത്. വിപണികള്‍ മുഴുവന്‍ അടച്ചിടും. അതേ സമയം, ലോക്ക് ഡൗണില്‍ അവശ്യസര്‍വീസുകളും അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും തുറക്കും. അത്യാവശ്യ സാഹചര്യത്തില്‍ ജനങ്ങള്‍ക്കു പുറത്തുപോകാം.
ഗതാഗത സംവിധാനങ്ങൾ പരിമിതപ്പെടുത്തിയതിനാൽ കടകളിലെയും മാളുകളിലെയും സ്റ്റോക്കുകളെല്ലാം കുറവായിരിക്കും. അവശ്യ സാധനങ്ങൾ വാങ്ങാം. സാധനങ്ങൾ കണ്ടമാനം വാങ്ങിക്കൂട്ടി വിപണികളിൽ ലഭ്യതക്കുറവുണ്ടാക്കരുത്.