അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി കേരളത്തില്‍ മുതല്‍മുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് പ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ മുതല്‍മുടക്കാന്‍ അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി(ആദിയ) താല്‍പര്യം പ്രകടിപ്പിച്ചു. അതോറിറ്റി പ്രതിനിധികള്‍ വെള്ളിയാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് നിക്ഷപ സന്നദ്ധതി അറിയിച്ചത്.

കൊച്ചി മെട്രോ ബ്ലിസ് സിറ്റി(കാക്കനാട്-1500 കോടി), മാരി ടൈം ക്ലസ്റ്റര്‍(വെല്ലിങ്ടണ്‍ ഐലന്റ്-3500 കോടി), എറേട്രോപോളിസ്(കണ്ണൂര്‍-1000 കോടി), കിന്‍ഫ്രാ ലോജിസ്റ്റിക്‌സ് പാര്‍ക്ക്(പാലക്കാട്-400 കോടി) എന്നീ പദ്ധതികളിലാണ് അബൂബദി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി താല്‍പര്യം പ്രകടിപ്പിച്ചത്. തിരുവനന്തപുരം വിമാനത്താവള വികസനം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരികയാണെങ്കില്‍ അവിടെയും മുതല്‍മുടക്കാന്‍ കമ്പനി പ്രതിനിധികള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റ് എട്ട് പദ്ധതികളും ചര്‍ച്ചയില്‍ വന്നു.
ആദിത്യ ഭാര്‍ഗവ, സുല്‍ത്താന്‍ അല്‍ മെഹരി, ഹമദ് അല്‍ കെത്ത്ബി എന്നിവര്‍ ആദിത്യയ്ക്കുവേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തു.

വ്യവസായമന്ത്രി ഇ പി ജയരാജന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി എന്നിവരും ചര്‍ച്ചയുടെ ഭാഗമായി.