കൊച്ചി: നോര്‍ക്ക റൂട്ട്‌സ് മുഖേന മാലിദ്വീപിലെ പ്രമുഖ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്കു നഴ്‌സ്, മിഡ് വൈഫ്, മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്നിവര്‍ക്കു തൊഴിലവസരം.
നോര്‍ക്ക റൂട്ട്‌സ് മുഖേന ആദ്യമായാണു മാലിയിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. റിക്രൂട്ട്‌മെന്റ് തികച്ചും സൗജന്യം.
ബിരുദം/ഡിപ്‌ളോമ കഴിഞ്ഞ് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള നഴ്‌സുമാരെയും മെഡിക്കല്‍ ടെക്‌നീഷ്യന്മാരെയുമാണ് തിരഞ്ഞെടുക്കുന്നത്. 22നും 30നും മധ്യേ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. മിഡ് വൈഫ് തസ്തികയ്ക്കു രണ്ടുവര്‍ഷത്തെ ലേബര്‍ റൂം പ്രവൃത്തി പരിചയമുള്ള വനിതാ നഴ്‌സുമാര്‍ക്കാണ് അവസരം.
നഴ്‌സുമാര്‍ക്കു പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യുഎസ് ഡോളറും (ഏകദേശം 70,000 രൂപ) ടെക്‌നീഷ്യന്മാര്‍ക്ക് 1000 യുഎസ് ഡോളര്‍ മുതല്‍ 1200 യുഎസ് ഡോളര്‍ വരെയും (ഏകദേശം 70,000 രൂപ മുതല്‍ 85,000 രൂപ വരെ) ലഭിക്കും. താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വിസ, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ ആശുപത്രി വഹിക്കും.
ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്‌പോര്‍ട്ട്, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണമെന്നു നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ www.norkaroots.org ലും ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍നിന്ന്) 00918802012345 (വിദേശത്തുനിന്നു മിസ്ഡ് കോള്‍ സേവനം) എന്നിവയിലും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 23.