ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമെന്ന ശിവസേന എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിന്റെ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ സുപ്രിം കോടതി തയ്യാറായില്ല. കേസില്‍ നാളെ വീണ്ടും വാദം തുടരാനാണ് കോടതി തീരുമാനം. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ക്ക് ബിജെപിക്ക് കൂടുതല്‍ സാവകാശം നല്‍കുന്ന തീരുമാനമാണ് കോടതിയുടേത്.
മഹാരാഷ്ട്രയില്‍ അജിത് പവാറിനെ കൂട്ടു പിടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പുലര്‍ച്ചെയുള്ള സത്യപ്രതിജ്ഞയും ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളും അതിന് ഗവര്‍ണര്‍ നല്‍കിയ ഒത്താശയും ചോദ്യം ചെയ്താണ് സേന എന്‍സിപി കോണ്‍ഗ്രസ് സഖ്യം സുപ്രിംകോടതിയെ സമീപിച്ചത്. പ്രഗത്ഭരായ അഭിഭാഷകരുടെ നീണ്ട നിരയാണ് സുപ്രിംകോടതിയില്‍ വാദത്തിനായി അണിനിരന്നത്. ജസ്റ്റിസുമാരായ എന്‍വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.
രാഷ്ട്രപതി ഭരണം പിന്‍വലിച്ചതും ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യ പ്രതിജ്ഞക്ക് സാഹചര്യമൊരുക്കാന്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ നടന്ന ചട്ടലംഘനം അടക്കമുള്ള കാര്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. ഗവര്‍ണറുടെ നടപടി വഞ്ചനാപരവും നിയമവിരുദ്ധവും പക്ഷപാതപരവുമാണ് എന്ന് സിബല്‍ പറഞ്ഞു. ഗവര്‍ണറുടെ നടപടിയിലെ ചട്ടലംഘനം പരിഗണനാ വിഷയം അല്ലെന്നായിരുന്നു ജസ്റ്റിസ് എന്‍വി രമണയുടെ മറുപടി. തുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിലേക്ക് വാദപ്രതിവാദങ്ങള്‍ മാറുകയായിരുന്നു.
കുതിരക്കച്ചവടത്തിന് സാഹചര്യം ഒരുക്കരുതെന്നും ഇന്ന് തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ബിജെപി വിരുദ്ധ സഖ്യം കോടതിയില്‍ ആവശ്യപ്പെട്ടു, ദേവേന്ദ്ര ഫഡ്‌നാവിസ് ഹാജരാക്കിയ പിന്തുണ കത്ത് പോലും ഗവര്‍ണര്‍ പരിശോധിച്ചില്ലെന്ന് എന്‍സിപിക്കും കോണ്‍ഗ്രസിനും വേണ്ടി മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. ബിജെപിക്കൊപ്പം നില്‍ക്കുന്ന അജിത് പവാറിന് എന്‍സിപിയുടെ പിന്തുണയില്ല, നിയമസഭാ കക്ഷി നേതൃ സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്. അജിത് പവാര്‍ നല്‍കിയ കത്ത് നിയമ വിരുദ്ധമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മനു അഭിഷേക് സിംഗ്‌വി കോടതിയില്‍ പറഞ്ഞു.
മുഖ്യമന്ത്രി ആകാന്‍ ഗവര്‍ണര്‍ക്ക് ആരെയും ക്ഷണിക്കാമെന്നും അത് ഗവര്‍ണറുടെ വിവേചന അധികാരമാണെന്നും മുകുള്‍ റോത്തഗി പറഞ്ഞു. എന്നാല്‍ ഗവര്‍ണറുടെ അധികാരം സംബന്ധിച്ച കാര്യം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് രമണയുടെ പ്രതികരണം. വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന കാര്യം മാത്രമാണ് ഇപ്പോഴത്തെ വിഷയമെന്നും ജസ്റ്റിസ് രമണ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിന് ഏഴ് ദിവസം സമയമെന്തിനാണ് എന്ന ചോദ്യവും കോടതി ഉന്നയിച്ചു.
അതിനിടെ ആദ്യം ഗവര്‍ണര്‍ക്ക് വേണ്ടി വാദിച്ച് തുടങ്ങിയ തുഷാര്‍ മേത്ത പിന്നീട് കേന്ദ്രസര്‍ക്കാരിന് വേണ്ടിയാണ് വാദം എന്ന് തിരുത്തി പറയുകയും ചെയ്തു. രേഖകള്‍ പരിശോധിക്കാന്‍ സമയം വേണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ഇതോടെ സര്‍ക്കാര്‍ രൂപീകരണ തീരുമാനത്തിന് ആധാരമായ രണ്ട് കത്തുകള്‍ നാളെ ഹാജരാക്കാണമെന്ന് കോടതി ഉത്തരവിട്ടു. കേസിലെ എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയക്കും.
ദേവേന്ദ്ര ഫഡ്‌നാവിസ് ഭൂരിപക്ഷം അവകാശപ്പെട്ട് നല്‍കിയ കത്തും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ കത്തും കോടതി പരിശോധിക്കും. എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്ന് അവകാശപ്പെട്ട് അജിത് പവാര്‍ നല്‍കിയ കത്തിന്റെ സാധുതയും കൂടി വിലയിരുത്തിയാകും തീരുമാനം