Monday, September 26, 2022
HomeNewsKeralaട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു: സഞ്ജുവില്ല, ബുമ്രയും ഹര്‍ഷലും തിരിച്ചെത്തി

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു: സഞ്ജുവില്ല, ബുമ്രയും ഹര്‍ഷലും തിരിച്ചെത്തി

മുംബൈ: അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് നിരാശയായി സഞ്ജു സാംസണിന് ടീമില്‍ ഇടം ലഭിച്ചില്ല. റിഷഭ് പന്തും, ദിനേശ് കാര്‍ത്തിക്കുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. അതേസമയം ദീപക് ഹൂഡ, രവിചന്ദ്രന്‍ അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു.

ഏഷ്യാ കപ്പിനിടെ പരുക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയ്ക്കും ലോകകപ്പ് ടീമിലും ഇടം ലഭിച്ചില്ല. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന സാഹചര്യത്തിലാണ് ജഡേജ ടീമിനു പുറത്തായത്. ജഡേജയ്ക്കു പകരം അക്ഷര്‍ പട്ടേലാണ് ടീമിലെത്തിയത്. ഏഷ്യാകപ്പില്‍നിന്ന് വിശ്രമം അനുവദിച്ചിരുന്ന ജസ്പ്രീത് ബുമ്രയും ടീമില്‍ തിരിച്ചെത്തി.

രവിചന്ദ്ര അശ്വിനും യുസ്വേന്ദ്ര ചാഹലുമാണ് ലോകകപ്പ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായി ബുമ്രക്കും ഹര്‍ഷലിനു പുറമെ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരാണുള്ളത്. ബാറ്റര്‍മാരായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് 15 അംഗ ടീമിലുള്ളത്.

15 അംഗ ടീമിനു പുറമെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളായി മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ദീപക് ചാഹര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ടീം :

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍.രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചെഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്

Most Popular