സ്‌കോട്‌ലന്‍ഡിനെതിരെ കൂറ്റൻ ജയം: നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനെ മറികടന്ന് ഇന്ത്യ

ദുബായ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ സ്കോട്ലൻഡിനെതിരേ കൂറ്റൻ ജയവുമായി ഇന്ത്യ. സ്കോട്ലൻഡ് ഉയർത്തിയ 86 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും 6.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് എട്ടുവിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഈ വിജയത്തോടെ ഇന്ത്യ നെറ്റ് റൺറേറ്റിൽ അഫ്ഗാനിസ്താനെ മറികടന്ന് ഗ്രൂപ്പ് രണ്ടിൽ മൂന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പ് രണ്ടിൽ ഇന്ത്യയ്ക്കാണ് നിലവിൽ ഏറ്റവുമധികം നെറ്റ് റൺറേറ്റുള്ളത്.

സ്കോർ: സ്കോട്ലൻഡ് 17.4 ഓവറിൽ 85 റൺസിന് ഓൾ ഔട്ട്, ഇന്ത്യ 6.3 ഓവറിൽ രണ്ട് വിക്കറ്റിന് 89.

86 റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി പതിവുപോലെ കെ.എൽ.രാഹുലും രോഹിത് ശർമയും ചേർന്നാണ് ഓപ്പൺ ചെയ്തത്. 7.1 ഓവറിനുളളിൽ വിജയം നേടിയാൽ അഫ്ഗാനിസ്താനെ നെറ്റ് റൺ റേറ്റിൽ മറികടക്കാനാകും എന്നതിനാൽ രാഹുലും രോഹിത്തും ആക്രമിച്ചാണ് കളിച്ചത്. ആദ്യ മൂന്നോവറിൽ തന്നെ ഇന്ത്യ 39 റൺസടിച്ചു.
രാഹുലായിരുന്നു കൂടുതൽ അപകടകാരി. സ്കോട്ലൻഡ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് രാഹുലും രോഹിതും 3.5 ഓവറിൽ ടീം സ്കോർ 50 കടത്തി. എന്നാൽ അഞ്ചാം ഓവറിലെ അവസാന പന്തിൽ രോഹിത് പുറത്തായി. 16 പന്തുകളിൽ നിന്ന് 30 റൺസെടുത്ത രോഹിത്തിനെ ബ്രാഡ് വീൽ വിക്കറ്റിന് മുന്നിൽ കുടുക്കി. ആദ്യ വിക്കറ്റിൽ രാഹുലിനൊപ്പം 70 റൺസ് കൂട്ടിച്ചേർത്താണ് രോഹിത് ക്രീസ് വിട്ടത്.

ഈ ലോകകപ്പിലെ അതിവേഗ അർധസെഞ്ചുറി കുറിച്ച ഓപ്പണർ കെ.എൽ. രാഹുലാണ് ഇന്ത്യയുടെ ചേസിങ് അനായാസമാക്കിയത്. 18 പന്തുകളിൽ നിന്നാണ് രാഹുൽ അർധശതകം തികച്ചത്. ട്വന്റി 20 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ അർധസെഞ്ചുറിയാണിത്.
വെറും 6.3 ഓവറിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. കോലിയും (2) സൂര്യകുമാറും (6) പുറത്താവാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡിനെ വെറും 85 റൺസിന് ഇന്ത്യൻ ബൗളർമാർ ഓൾ ഔട്ടാക്കി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയുമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. 24 റൺസെടുത്ത ഓപ്പണർ ജോർജ് മൻസിയാണ് സ്കോട്ലൻഡിന്റെ ടോപ്സ്കോറർ.
ബാറ്റിങ് പവർപ്ലേയിൽ സ്കോട്ലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് മാത്രമാണ് എടുത്തത്.

ഹാട്രിക്കല്ലെങ്കിലും ഷമിയെറിഞ്ഞ 17-ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിലും വിക്കറ്റ് വീണു.
18 ാംഓവറിൽ മാർക്ക് വാട്ടിനെ ക്ലീൻ ബൗൾഡാക്കി ബുംറ സ്കോട്ലൻഡിനെ 85 റൺസിന് ഓൾ ഔട്ടാക്കി. ഈ വിക്കറ്റോടെ അന്താരാഷ്ട്ര ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡ് ജസ്പ്രീത് ബുംറ സ്വന്തമാക്കിയത്. യൂസ്വേന്ദ്ര ചാഹലിനെയാണ് ബുംറ മറികടന്നത്. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാലോവറിൽ വെറും 15 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് സ്വന്തമാക്കി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോൾ രവിചന്ദ്ര അശ്വിൻ ഒരു വിക്കറ്റ് വീഴ്ത്തി.ജഡേജയുടെ ട്വന്റി 20 കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.

സ്കോട്‌ലൻഡിനെതിരെ ഇന്ത്യ വിജയലക്ഷ്യം മറികടക്കുമ്പോൾ 81 പന്തുകൾ ബാക്കിയായിരുന്നു. ഇത് റെക്കോർഡാണ്. ഇതിനു മുൻപ് ഇന്ത്യ വിജയത്തിലെത്തുമ്പോൾ ഏറ്റവും കൂടുതൽ പന്തുകൾ ബാക്കിയുണ്ടായിരുന്നത് 2016ൽ യു.എ.ഇയ്‌ക്കെതിരെ മിർപുരിലാണ്; 59 പന്തുകൾ. അതേ വർഷം സിംബാബ‌്‌വെയ്ക്കെതിരെ 41 പന്തുകൾ ബാക്കിയാക്കിയും ഇന്ത്യ വിജയത്തിലെത്തിയിട്ടുണ്ട്.

ഇനി ന്യൂസീലൻഡിനെതിരായ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ജയിക്കുകയും അവസാന മത്സരത്തിൽ നമീബിയയെ തോൽപ്പിക്കുകയും ചെയ്താൽ ഇന്ത്യയ്ക്ക് ലോകകപ്പ് സെമി കളിക്കാം. അഫ്ഗാൻ ന്യൂസീലൻഡിനെ 10 റൺസിനു തോൽപ്പിച്ചാൽ, കുറഞ്ഞത് രണ്ടു റൺസിനെങ്കിലും നമീബിയയെ തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് സെമി കളിക്കാം.