Friday, January 28, 2022
HomeNewsKeralaദുരിതപ്പെയ്ത്ത്; അഞ്ച് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു; മണ്ണിനടിയില്‍ ഏറെയും കുട്ടികളെന്ന് സൂചന

ദുരിതപ്പെയ്ത്ത്; അഞ്ച് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു; മണ്ണിനടിയില്‍ ഏറെയും കുട്ടികളെന്ന് സൂചന

തെക്കൻ ജില്ലകളിൽ അതിതീവ്രമഴയും മലവെള്ളപ്പാച്ചിലും ഉരുൾപ്പൊട്ടലും സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് തിരിച്ചുവരാൻ പാടുപെടുകയാണ് കേരളം. കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടത്തുമ്പോൾ അവിചാരിതമായി മൃതദേഹങ്ങൾ കണ്ടെടുക്കുന്നത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കുന്നു. കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടാത്ത രണ്ടു മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെടുത്തത്. കോട്ടയം ഇളംകോട് സ്വദേശിയായ ഷാലറ്റ് (29) എന്നയാളുടെ മൃതദേഹമാണ് ഞായറാഴ്ച ആദ്യം കണ്ടെടുത്തത്. മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടാണ് ഇയാൾ മരിച്ചതെന്നാണ് വിവരം.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി ഒരു കുഞ്ഞിന്റേത് ഉൾപ്പടെ വിവിധയിടങ്ങളിൽ നിന്നായി അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെടുത്തത്. ഇതിൽ പലരുടേയും ശരീരഭാഗങ്ങൾ മാത്രമാണ് കണ്ടെടുത്തതെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. വലിയ പാറകളും മണ്ണും അടിഞ്ഞുകൂടിയത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.

കോട്ടയം കൂട്ടിക്കലിൽ കഴിഞ്ഞ ദിവസം മൂന്ന് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്ന് കൂട്ടിക്കലിലെ കാവാലിയിലും പ്ലാപ്പള്ളിയിലുമായി നാലുപേരുടെ മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. കൊക്കയാറിൽ കാണാതായ എട്ട് പേരിൽ അഞ്ചു പേരും കുട്ടികളാണ് എന്നാണ് വിവരം.
കൊക്കയാറിൽ ഏഴ് വീടുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇവിടെ രക്ഷാ പ്രവർത്തനത്തിനായി ഡോഗ് സ്ക്വാഡിനേയും എത്തിച്ചിട്ടുണ്ട്.

കേരളത്തിൽ പൊതുവേ മഴ കുറഞ്ഞുവരുന്നതായാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഇടിയോട് കൂടിയ മഴക്കും 40 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലവസ്ഥാ വകുപ്പ് ഏറ്റവും ഒടുവിലായി നൽകിയിരിക്കുന്ന അറിയിപ്പ്.

Most Popular