Sunday, July 25, 2021
Home News National സ്വതന്ത്ര്യദിന പ്രസംഗത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ പ്രധാനമന്ത്രി

സ്വതന്ത്ര്യദിന പ്രസംഗത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് നേരിടുന്നതിന് ഇന്ത്യ മൂന്ന് പ്രതിരോധ മരുന്നുകൾ വികസിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 74ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ നിർണായക വെളിപ്പെടുത്തൽ. ഒദ്യോഗിക അനുമതി ലഭിച്ചാലുടൻ വാണിജ്യാടിസ്ഥാനത്തിൽ വ്യാപകമായി മരുന്നു ഉത്പാദിപ്പിക്കും.

സ്വാശ്രയ വികസനത്തിന് ഊന്നൽ നൽകിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കാശ്മീരിനെ സംബന്ധിച്ച് അഭിമാനത്തിന്റെ വർഷമാണ് കഴിഞ്ഞുപോയതെന്നും രാജ്യത്തെ 130 കോടി ജനങ്ങളും സ്വാശ്രയ രാജ്യത്തിന് വേണ്ടി ഉറച്ച തീരുമാനമെടുത്തിരിക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു. ‘ആത്മനിർഭർ ഭാരത്’ എന്നത് ജനങ്ങളുടെ ഒരു തീരുമാനമാണെന്നും ഒരിക്കൽ ഒരു തീരുമാനമെടുത്താൽ രാജ്യം അത് നേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉദാഹരണമായി ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ കൊറോണവൈറസ് പ്രതിരോധ ഉപകരണങ്ങളായ എൻ 95 മാസ്‌ക്, പിപിഇ കിറ്റുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാൽ, ഇപ്പോൾ നമുക്കാവശ്യമായ ഇത്തരം ഉത്പന്നങ്ങൾ ഇവിടെ നിർമിക്കുന്നുവെന്നു മാത്രമല്ല, വിദേശരാജ്യങ്ങളെ സഹായിക്കാനും കഴിയുന്നു.

പ്രാദേശിക ഉത്പന്നങ്ങളെ പ്രോൽസാഹിപ്പിക്കണം. എങ്കിൽ മാത്രമെ രാജ്യത്തെ ഉത്പാദനം മെച്ചപ്പെടുകയുള്ളൂ. കഴിഞ്ഞ വർഷം വിദേശ നിക്ഷേപത്തിൽ പതിനെട്ട് ശതമാനത്തിന്റെ വർധനയുണ്ടായെന്നും ഇത് രാജ്യം നടപ്പാക്കുന്ന നയങ്ങൾക്കുള്ള അംഗീകാരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വൻകിട കമ്പനികൾ ഇന്ത്യയിലേക്ക് വരികയാണ്. മെയ്ക്ക് ഇൻ ഇന്ത്യയോടൊപ്പം മെയ്ക്ക് ഫോർ വേൾഡ് ആവണം നമ്മുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു. ലോകത്തിന് വേണ്ടി ഇന്ത്യ ഉത്പാദിപ്പിക്കണം കൊറോണയ്‌ക്കെതിരെ പോരടിക്കുന്ന ആരോഗ്യ പ്രവർത്തകരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി രക്തസാക്ഷികളായാവരെയും പ്രധാനമന്ത്രി അനുസ്മരിച്ചു.

അടിമത്തത്തിന്റെതായ എല്ലാ കാലത്തും ഇന്ത്യക്കാർ സ്വാതന്ത്ര്യത്തിനായി പോരാടിയിരുന്നു. രാജ്യസ്‌നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യം എന്ന് ചൂണ്ടിക്കാട്ടിയ മോദി ഏതു തരത്തിലുള്ള വെല്ലുവിളി നേരിടാനും രാജ്യം സജ്ജമാണെന്നും പ്രതിസന്ധി കാലത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും വ്യക്തമാക്കി. വെട്ടിപ്പിടിക്കൽ നയത്തെ ഇന്ത്യ എന്നും എതിർത്തിട്ടുണ്ട്. ചൈനയ്‌ക്കെതിരെ പരോക്ഷ വിമർശനം നടത്താനും മോദി മറന്നില്ല.

പ്രകൃതി ദുരന്തത്തിന് ഇരയായവർക്ക് 700 പദ്ധതികൾ സംയോജിപ്പിച്ച് 110 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും. രണ്ട് കോടി വീടുകളിൽ ഒരു വർഷത്തിനുള്ളിൽ കുടിവെള്ളം എത്തിച്ചു. ജലസംരക്ഷണവും കുടിവെള്ളവിതരണം ഉറപ്പാക്കലും സർക്കാരിന്റെ പ്രധാന അജൻഡയാണ്. കൂടാതെ, പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം നിലവിലുള്ള 18 വയസ്സിൽ നിന്നുയർത്തും. ഇക്കാര്യം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് പ്രകാരമായിരിക്കും തുടർനടപടി.

പ്രോജക്ട് ടൈഗർ പദ്ധതിക്ക് പിന്നാലെ പ്രോജക്ട് ലയൺ എന്ന പേരിൽ സിംഹങ്ങളുടെയും ഡോൾഫിനുകളുടെയും സംരക്ഷണത്തിന് പ്രത്യേകപദ്ധതി നടപ്പാക്കും. പ്രോജക്ട് ടൈഗർ എന്ന കടുവകളുടെ സംരക്ഷണത്തിനായി നടത്തിയ പദ്ധതി പ്രയോജനം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ പ്രഖ്യാപിച്ചു. ആധാർ കാർഡ് മാതൃകയിൽ രാജ്യത്തെ എല്ലാ പൗരൻമാർക്കും ഇനി ഹെൽത്ത് ഐഡി കാർഡ് ലഭ്യമാകും. 1,000 ദിവസത്തിനുള്ളിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഗല മുഖേന ആറ് ലക്ഷം ഗ്രാമങ്ങളെ ബന്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ് പ്രതിരോധ സെക്രട്ടറി അജയ് കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Most Popular