Saturday, July 24, 2021
Home News Kerala എറണാകുളത്ത് മൂന്ന് അൽഖായിദ പ്രവർത്തകർ പിടിയിൽ; ബംഗാളിൽ നിന്ന് ആറ് പേരെയും പിടികൂടിയതായി എൻഐഎ

എറണാകുളത്ത് മൂന്ന് അൽഖായിദ പ്രവർത്തകർ പിടിയിൽ; ബംഗാളിൽ നിന്ന് ആറ് പേരെയും പിടികൂടിയതായി എൻഐഎ

എറണാകുളം: പെരുമ്പാവൂരിൽ മൂന്ന് അൽഖായിദ പ്രവർത്തകരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ബംഗാളിൽ നിന്ന് ആറ് പേരെയും പിടികൂടിയതായി എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയുടെ അംഗങ്ങളാണ് അറസ്റ്റിലായവരെന്നാണ് അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി നൽകുന്ന വിവരം.

ദേശീയ തലസ്ഥാനത്ത് ഉൾപ്പെടെ ആക്രമണം നടത്താൻ പദ്ധതിയിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നത് എന്നും ഇവരിൽ നിന്നും ആയുധങ്ങളും ഡിജിറ്റൽ വസ്തുക്കളും ലഘുലേഖകളും ഉൾപ്പെടെ പിടിച്ചെടുത്തതായും റിപ്പോർട്ട് പറയുന്നു. എറണാകുളം ജില്ലയിലും പശ്ചിമ ബംഗാളിലെ മുർഷിദാബാദിലും ഇന്ന് പുലർച്ചെ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് എൻഐഎ നൽകുന്ന വിവരം.

വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അൽഖായിദയുടെ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നടപടി. സാമൂഹികമാധ്യങ്ങൾ വഴി അൽഖായിദയിലേക്ക് ആകൃഷ്ടരായ ഇവരെ ഡൽഹിയിലേക്ക് യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.

മുർഷിദ് ഹസൻ, ഇയാക്കൂബ് ബിശ്വാസ്, മൊസറഫ് ഹൊസ്സൻ എന്നിവരെയാണ് എറണാകുളത്ത് നിന്ന് പിടികൂടിയത്. അബു സുഫിയാൻ, മൈന്യൂൾ മൊണ്ടാൻ, ലിയു ഇയാൻ അഹമ്മദ്, നജ്മുസ് സാക്കിബ്, അൽ മാമുൻ കമാൽ, അതിതുർ റഹ്മാൻ എന്നിവരാണ് മുർഷിദാബാദിൽ അറസ്റ്റിലായത്.

കൊച്ചിയിൽ നിർമാണ തൊഴിലാളികൾ എന്ന വ്യാജേനയാണ് ഇവരെത്തിയത്. പെരുമ്പാവൂരിൽ മൂന്ന് സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു. അറസ്റ്റ് ചെയ്തവരെ കേരളത്തിലേയും ബംഗാളിലേയും കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. നിലവിൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസായതിനാൽ ഇവരെ അങ്ങോട്ടേക്ക് കൈമാറിയേക്കുമെന്നും അന്വേഷണ ഏജൻസികൾ പറയുന്നു.

Most Popular