Saturday, April 10, 2021
Home News Kerala കൊല്ലത്ത് ശസ്ത്രക്രിയയിൽ ഏഴു വയസ്സുകാരി മരിച്ചെന്ന പരാതിയെ തുടർന്ന് മനോവിഷമത്തിലായ യുവഡോക്ടർ ആത്മഹത്യ ചെയ്തു

കൊല്ലത്ത് ശസ്ത്രക്രിയയിൽ ഏഴു വയസ്സുകാരി മരിച്ചെന്ന പരാതിയെ തുടർന്ന് മനോവിഷമത്തിലായ യുവഡോക്ടർ ആത്മഹത്യ ചെയ്തു

കൊല്ലം: താൻ നടത്തിയ ശസ്ത്രക്രിയക്കിടെ പെൺകുട്ടി മരിച്ചെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് മനോവിഷമത്തിലായ യുവ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കടപ്പാക്കട അനൂപ് ഓർത്തോ കെയർ ഉടമ ഡോ. അനൂപ് കൃഷ്ണ (37)നെയാണ് ഇന്നലെ രാവിലെ ഉച്ചയോടെ മുറിച്ചശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അനൂപിന്റെ ഓർത്തോ കെയറിൽ കാലിന്റെ വളവ് മാറ്റാൻ ശസ്ത്രക്രിയ നടത്തിയ എഴുകോൺ മാറനാട് കുറ്റിയിൽ പുത്തൻവീട്ടിൽ ആദ്യ എസ് ലക്ഷ്മി (ഏഴ്) മരിച്ചിരുന്നു. ശസ്ത്രക്രിയ പൂർത്തിയാകുന്ന ഘട്ടത്തിൽ കുട്ടിക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിക്കുകയും ആശുപത്രിയിലെത്തുംമുമ്പ് കുട്ടി മരിക്കുകയുമായിരുന്നു.

എന്നാൽ കുട്ടി മരിക്കാൻ കാരണം ചികിത്സാപ്പിഴവാണെന്ന് കാണിച്ച് ബന്ധുക്കൾ കൊല്ലം ഈസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൃതദേഹവുമായി ആശുപത്രിയിലെത്തി പ്രതിഷേധിക്കാനും ബന്ധുക്കൾ ശ്രമിച്ചിരുന്നു. ഇത് പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ എ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം, കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോണിലൂടെയും ഡോ. അനൂപിനെ പലരും വിളിച്ച് ബുദ്ധിമുട്ടിച്ചിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. മരിക്കുന്നതിന്റെ തലേ ദിവസവും ഒരു രാഷ്ട്രീയ നേതാവ് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടിരുന്നെന്നും ഇവർ വ്യക്തമാക്കി. ഇതിന് പിന്നാലെ അനൂപിനെ കാണാനില്ലെന്നു കാണിച്ച് കൊല്ലം ഈസ്റ്റ് പോലീസിൽ ഭാര്യ പരാതി നൽകിയിരുന്നു. തുടർന്ന് അനൂപിനെ രാത്രി വൈകി വർക്കലയിൽ കണ്ടെത്തി.

ഇന്നലെ രാവിലെ, താൻ വൈകീട്ട് ആശുപത്രിയിലെത്തുമെന്ന് ജീവനക്കാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചിരുന്നു. എന്നാൽ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയിലെ ഡോ. അർച്ചന ബിജുവാണ് അനൂപിന്റെ ഭാര്യ. മകൻ: ആദിത്യകൃഷ്ണ.

Most Popular