അയോധ്യയിൽ നിർമിക്കാൻ പോകുന്നത് കഅബ മാതൃകയിലുള്ള പള്ളി

babari masjid demolition case

ന്യൂഡൽഹി: അയോധ്യയിൽ നിർമിക്കാനിരിക്കുന്ന മുസ്ലിംപള്ളി മക്കയിലെ കഅബ മാതൃകയിലായിരിക്കുമെന്ന് പള്ളി നിർമാണ ട്രസ്റ്റ് അറിയിച്ചു. രാജ്യത്തെ മറ്റ് പള്ളികളുടെ രൂപമാതൃകയിൽ നിന്ന് പൂർണമായി വ്യത്യാസമായിട്ടായിരിക്കും രൂപകൽപനയെന്ന് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ സെക്രട്ടറിയുടെ വക്താവും ആർക്കിടെക്ടുമായ അത്തർ ഹുസൈൻ വ്യക്തമാക്കി.

പരമ്പരാഗത മുഗൾ മാതൃകയിൽ നിർമിക്കാതെ ചതുരാകൃതിയിൽ മക്കയിലെ കഅബയുടെ മാതൃകയിലായിരിക്കും അയോധ്യ പള്ളി നിർമ്മിക്കുകയെന്നും അത്തർ ഹുസൈൻ പറഞ്ഞു. പുതിയ പള്ളിക്ക് മിനാരങ്ങളും താഴികക്കുടവും ഉണ്ടായിരിക്കില്ല. മാത്രമല്ല പള്ളിയുടെ പേര് ബാബരി മസ്ജിദ് എന്നായിരിക്കില്ല. ചക്രവർത്തിമാരുടെയോ രാജാക്കന്മാരുടെയോ പേരും പള്ളിക്ക് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി നിർദേശമനുസരിച്ച് ധന്നിപുർ ഗ്രാമത്തിലായിരിക്കും പള്ളി നിർമിക്കുക. 15,000 ചതുരശ്ര അടിയിലായിക്കും പള്ളിയുടെ നിർമാണം. എന്നാൽ, ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ബാബരി മസ്ജിദിന്റെ വിസ്തീർണവും 15,000 ചതുരശ്ര അടിയായിരുന്നു.

വിശ്വാസികൾക്ക് പള്ളി നിർമാണത്തിന് സംഭാവന നൽകാം. മ്യൂസിയം, ആശുപത്രി, ഗവേഷണ കേന്ദ്രം എന്നിവയും ഉൾപ്പെടുത്തിയായിരിക്കും കോംപ്ലക്‌സ്. എന്നാൽ, സംഭാവന ഇതുവരെ സ്വീകരിച്ച് തുടങ്ങിയിട്ടില്ലെന്നും അത്തർ ഹുസൈൻ വ്യക്തമാക്കി.