നടൻ ജോജുവിന്റെ കാർ തകർത്തവരെ തിരിച്ചറിഞ്ഞു; കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് ഉടനെന്ന് സൂചന

കൊച്ചി:ഇടപ്പള്ളി വൈറ്റില റോഡിൽ കോൺഗ്രസ് സമരത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിന്റെ കാർ തകർത്തവരെ പോലീസ് തിരിച്ചറിഞ്ഞു. കാർ തകർത്ത കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന. സംഭവത്തിന്റെ വിശദമായ ദൃശ്യങ്ങളും മൊഴിയും അനുസരിച്ചാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. അതേസമയം, ജോജു വനിതാ പ്രവര്‍ത്തകരോട് മോശമായി സംസാരിച്ചെന്ന മഹിളാ കോണ്‍ഗ്രസിന്റെ പരാതിയില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇന്നലെത്തന്നെ മരട് പൊലീസ് കേസെടുത്തിരുന്നു.

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തെ നടന്‍ ജോജു ജോര്‍ജ് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പ്രവര്‍ത്തകര്‍ കാര്‍ തല്ലിത്തകര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ ജോജുവിന്റെ കൈയ്ക്കും പരിക്ക് പറ്റിയിരുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് വണ്ടിക്കുണ്ടായത്. ഇന്നലെ നടന്ന റോഡ് ഉപരോധ സമരത്തിന് അനുമതി നല്‍കിയിരുന്നില്ലെന്ന് ഡി.സി.പിയും വ്യക്തമാക്കി. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റുണ്ടാകുമെന്നാണ് കമ്മീഷണര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.