Thursday, January 20, 2022
HomeNewsKeralaനടിയെ ആക്രമിച്ച കേസിൽ ദിലീപിന് കുരുക്ക് മുറുകുന്നു; 20 ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു കൈമാറിയതായി...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് കുരുക്ക് മുറുകുന്നു; 20 ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്താനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപും കൂട്ടാളികളും ശ്രമിച്ചതിന്റെ തെളിവായി 20 ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു.

എറണാകുളം ക്രൈംബ്രാഞ്ച് ഓഫിസിലെത്തി മൊഴി നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു ബാലചന്ദ്രകുമാര്‍.4 മണിക്കൂറോളം മൊഴിയെടുത്തു. കുറ്റകൃത്യത്തിന്റെ വിവരങ്ങള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനും കാവ്യ മാധവനും കൂടി അറിയാമെന്നാണു മൊഴി. ‘ശാസ്ത്രീയ പരിശോധനയിലൂടെ ഈ തെളിവുകളുടെ വിശ്വാസ്യത ബോധ്യപ്പെടും. ഓരോ ഡിജിറ്റല്‍ തെളിവും സംഭവിച്ച തീയതിയും സമയവും അടക്കം ക്രോഡീകരിച്ചാണു കൈമാറിയത്. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങളുടെ വിശ്വാസ്യത ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടത് എന്റെ കൂടി ആവശ്യമാണ്. കുറ്റകൃത്യത്തെ കുറിച്ചു നേരിട്ട് അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍ മാനസിക സമ്മര്‍ദം ഇല്ലാതായി’- അദ്ദേഹം പറഞ്ഞു.

അതേസമയം, കുറ്റകൃത്യത്തിനു ശേഷം ഒന്നാം പ്രതി പള്‍സര്‍ സുനിയും സുഹൃത്തും കാവ്യയുടെ വസ്ത്രവ്യാപാര ശാലയില്‍ എത്തിയെന്നു മൊഴി നല്‍കിയ ജീവനക്കാരന്‍ കോടതിയില്‍ മൊഴിമാറ്റിയ ദിവസം പ്രതികള്‍ പാര്‍ട്ടി നടത്തിയെന്ന വിവരം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. ഈ ദിവസം ബാലചന്ദ്രകുമാര്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നില്ല.

 

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നുമുള്ള നിര്‍ണായക വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ നടത്തിയത്. സംഭവം നടന്ന സമയത്ത് ദിലീപിന്റെ വീട്ടില്‍ പോയപ്പോള്‍ തനിക്ക് ഇത് സംബന്ധിച്ച്‌ വിവരങ്ങള്‍ ലഭിച്ചുവെന്നും അത് താന്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തുവെന്നും സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.

സംഭവത്തില്‍ സംവിധായകന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ കേസില്‍ തുടരന്വേഷണം ആരംഭിക്കുകയുമുണ്ടായി. സംവിധായകന്റെ വെളിപ്പെടുത്തല്‍ കേസിന്റെ നിര്‍ണായക വഴിത്തിരിവായതോടെയാണ് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി ആവശ്യം അംഗീകരിക്കുകയായിരുന്നു.

Most Popular