കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെയും മഞ്ജു വാര്യരെയും സാക്ഷികളാക്കി അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് സമർപ്പിക്കും. ദിലീപിന്റെ സുഹൃത്ത് ശരത്താണ് ഏക പ്രതി.
കാവ്യ മാധവനെ പ്രതിയാക്കാൻ തെളിവില്ലാത്തതിനാൽ സാക്ഷിയാക്കിയാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് . കാവ്യ ഉൾപ്പെടെ 102 പുതിയ സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്.
നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപിന്റെ കൈയ്യിലുണ്ട്. എന്നാൽ അത് കണ്ടെത്താൻ കഴിയാത്ത വിധം ഒളിപ്പിച്ചെന്നാണ് അനുബന്ധ കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. കേസിൽ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നു എന്ന് പറയുന്ന അഭിഭാഷകരെ പ്രതിയോ സാക്ഷിയോ ആക്കിയിട്ടില്ല.
1500ലേറെ പേജുകളാണ് അനുബന്ധ കുറ്റപത്രത്തിൽ ഉള്ളത്.
അങ്കമാലി മജിസ്ട്രേട്ട് കോടതിയിലാണ് ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം സമർപ്പിക്കുക.