കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപിക്കപ്പെടുന്ന വിഐപി ആലുവ സ്വദേശി ശരത്താണെന്ന് അന്വേഷണസംഘം. ഹോട്ടല്‍, ട്രാവല്‍ ഏജന്‍സി ബിസിനസ് നടത്തുന്ന ശരത്ത് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ഇയാളെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് റെയ്ഡ്. നിലവില്‍ ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. ശരതിന്റെ ഫോണ്‍ കുറച്ച് ദിവസങ്ങളായി സ്വിച്ച് ഓഫ് ആയിരുന്നു. ഇക്കാര്യം ശരത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. ആലുവ സൂര്യ ഹോട്ടല്‍സ് ഉടമയാണ് ശരത്. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇയാള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിര്‍ണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്. താന്‍ വിഐപിയെന്ന് സംശയിക്കുന്നവരില്‍ ശരത്തിന്റെ പേരും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ് നിര്‍മിച്ച സിനിമയുടെ ധനസഹായ പങ്കാളി കൂടിയായിരുന്നു ശരത്ത്. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് വിഐപിയെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നത്. കാവ്യ മാധവന്‍ അദ്ദേഹത്തെ ‘ഇക്ക’ എന്നാണ് വിളിച്ചിരുന്നതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. മാത്രമല്ല, ദിലീപിന്റെ സഹോദരിയുടെ മകന്‍ ശരത് അങ്കിള്‍ വന്നിട്ടുണ്ടെന്നു പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
അതേസമയം വിഐപിയായ ശരത്ത് വിദേശത്തേക്ക് കടന്നിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി . വിഐപി താനാണെന്ന് പുറത്തുവന്ന സാഹചര്യത്തില്‍ ശരത്ത് ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. 2017 നവംബര്‍ 16 ന് ശരത് വിദേശയാത്ര നടത്തിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. നിലവില്‍ ശരത്തിന്റെ പാസ്‌പോര്‍ട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഇത് മൂന്നാമത്തെ തവണയാണ് ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റിയത്.
അതേസമയം, കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുക്കാന്‍ കോടതി അനുമതി നല്‍കി. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴിയെടുക്കുക. ഇതിന് പുറമെ അന്വേഷണസംഘത്തിന് പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്.