കാറിടിച്ചിട്ട് നിർത്താതെ പോയതാണ് ഞങ്ങൾ ചെയ്ത തെറ്റ് ; നടി ഗായത്രി സുരേഷ്

കൊച്ചി:  കഴിഞ്ഞ ദിവസം കാക്കനാട് നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട് നടി ഗായത്രി സുരേഷിനെ ഒരു കൂട്ടം ആളുകൾ ചേർന്ന് ചോദ്യം ചെയ്യുന്നത് സാമൂഹ്യമാധ്യമങ്ങളിൽ വളരെവേഗത്തിൽ പ്രചരിച്ച വാർത്തയായിരുന്നു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി ഗായത്രി സുരേഷ്. വണ്ടി നിർത്താതെ പോയതാണ് തങ്ങൾ ആകെ ചെയ്ത തെറ്റെന്നാണ് ഗായത്രി പറയുന്നത്.

നടുറോഡിൽ നടി ഗായത്രി സുരേഷിനെയും സുഹൃത്തിനെയും നാട്ടുകാർ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്ന ഒരു വിഡിയോ വൈറലായിരുന്നു. നടിക്കൊപ്പം ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന യുവാവിനോടായിരുന്നു നാട്ടുകാർ പൊട്ടിത്തെറിച്ചത്. നിരവധി വാഹനങ്ങളിൽ ഇടിച്ചിട്ടും നിർത്താതെ പോയെന്നും ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നും ജനക്കൂട്ടം ആ വിഡിയോയിൽ ആരോപിച്ചിരുന്നു. നാട്ടുകാര്‍ കാര്‍ വളഞ്ഞതോടെ ഗായത്രി കാറിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. എന്നാൽ കാര്‍ ഓടിച്ചിരുന്നയാള്‍ പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളോട് തട്ടികയറുന്നതും പുറത്തിറങ്ങാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാനാകും.