മുംബൈ: സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ ലഹരിമരുന്ന് കേസിൽ നടി റിയ ചക്രബർത്തിക്ക് ജാമ്യം. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്ന റിയ ചക്രബർത്തിക്ക് ഒരു മാസത്തിന് ശേഷമാണ് കർശന ഉപാധികളോടെ ജാമ്യം ലഭിക്കുന്നത്. അടുത്ത 10 ദിവസവും റിയ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. രാജ്യം വിട്ട് പുറത്ത് പോകരുത്. മുംബൈ വിട്ട് പുറത്ത് പോകാൻ പൊലീസ് അനുമതി വാങ്ങണം.
ചൊവ്വാഴ്ച്ച പ്രത്യേക കോടതി റിയ ചക്രബർത്തിയുടെ കസ്റ്റഡി കാലാവധി ഒക്ടോബർ 20വരെ നീട്ടിയിരുന്നു. ഇതിനിടെയാണ് ജാമ്യം. എന്നാൽ റിയയുടെ സഹോദരൻ ഷോയിക് ചക്രബർത്തിക് കോടതി ജാമ്യം അനുവദിച്ചിട്ടില്ല. സുശാന്ത് രജ്പുതിന്റെ വീട്ടിലെ ജോലിക്കാരായിരുന്ന സാമുവൽ മിറാൻഡ, ദിപേഷ സാവന്ത് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് നടി റിയ ചക്രബർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.
ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് എൻ സി ബിയോട് റിയ ചക്രബർത്തി വെളിപ്പെടുത്തിയിരുന്നു. സുശാന്തിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ റിയയുടെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം നീളുകയായിരുന്നു.
കേസിൽ നടി ദീപിക പദുക്കോൺ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ശ്രദ്ധ കപൂർ എന്നിവരെയും നാർക്കോട്ടിക്സ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. അതേ സമയം, സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളെല്ലാം രാഷ്ട്രീയ നാടകമാണെന്ന ആരോപണം ശക്തമാണ്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേന്ദ്ര ഏജൻസികളെ ബി ജെ പി ഉപയോഗിക്കുകയാണെന്ന ആരോപണമാണ് നിലനിൽക്കുന്നത്.