ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിക്കൊണ്ടുള്ള കരാറില്‍ ഒപ്പിട്ടു. ഡല്‍ഹിയില്‍ ഇന്ന് രാവിലെ എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മിലാണ് കരാറില്‍ ഒപ്പിട്ടത്.
തിരുവനന്തപുരത്തിന് പുറമേ ജയ്പൂര്‍, ഗുവാഹാട്ടി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.വി സുബ്ബറായ്ഡുവും അദാനി എയര്‍പോര്‍ട്ട്സ് സിഇഒ ബെഹ്നാദ് സാന്തിയും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചത്.
മൂന്ന് മാസത്തിനകം വിമാനത്താവളങ്ങള്‍ ഏറ്റെടുക്കണമെന്ന കരാറിലാണ് മൂന്ന് വിമാനത്താവളങ്ങളും കൈമാറിയത്. വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലനം, വികസനം എന്നിവയ്ക്കുള്ള അനുമതിയാണ് അദാനി ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ഇതോടെ അവസാനിക്കുകയാണ്. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരേ സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കെടുവിലാണിപ്പോള്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് കൈമാറിയുള്ള കരാറില്‍ ഒപ്പിട്ടത്.