എസ്എംഎ രോഗ ബാധിതയായിരുന്ന കണ്ണൂർ മാട്ടൂലിലെ അഫ്ര വിടപറഞ്ഞു

കണ്ണൂർ: സ്വന്തം സഹോദരനായി വീൽച്ചെയറിലിരുന്ന് അഫ്ര പറഞ്ഞ വാക്കുകൾ കേരളത്തിനും പ്രവാസികൾക്കും സുപരിചിതമായിരിക്കും. കാരണം അത്രമേൽ അവ ഹൃദയസ്പര്ശിയായിരുന്നു. എസ്എംഎ രോഗ ബാധിത ആയിരുന്നു കണ്ണൂർ മാട്ടൂൽ സ്വദേശിയായ പതിനഞ്ചുകാരി അഫ്ര. തനിക്കിനി ചികിത്സ നടത്തിയിട്ട് കാര്യമില്ലെന്നും എസ്എംഎ രോഗ ബാധിതനായ കുഞ്ഞനിയന്റെ ജീവൻ രക്ഷിക്കണേയെന്നും അവൾ കരഞ്ഞുപറഞ്ഞു.

കേരളം അവളുടെ ഒപ്പം നിന്നു. പ്രവാസികളുടെ സഹായം അഫ്രയുടെ കുഞ്ഞനുജനായി ഒഴുകിയെത്തി. ഒരു വർഷത്തിനിപ്പുറം ഒരുപാട് സ്വപ്നങ്ങൾ ബാക്കിവെച്ച് അഫ്ര വേദനകളില്ലാത്ത ലോകത്തേക്ക് വിടപറഞ്ഞു.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അഫ്രയ്ക്കും എസ്എംഎ രോഗത്തിന് ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഫ്രയുടെ സഹോദരൻ മുഹമ്മദും എസ്എംഎ ബാധിതനാണ്.