വിമാന കമ്പനികളായ എയർ ഇന്ത്യയും വിസ്താരയും ലയിക്കുന്നു

വിമാന കമ്പനികളായ എയർ ഇന്ത്യയും വിസ്താരയും ലയിക്കുന്നു. വിസ്താരയുടെ ഉടമസ്ഥരായ ടാറ്റ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ഇത് സംബന്ധിച്ച് ധാരണയിലെത്തി. 2024 മാര്‍ച്ചിലാണ് ലയന നടപടികള്‍ പൂര്‍ത്തിയാകുക. എയര്‍ ഇന്ത്യയുടെ നിലവിലെ ഉടമസ്ഥര്‍ ടാറ്റയാണ്.

വിസ്താരയുടെ ഓഹരിയില്‍ വലിയൊരു ഭാഗം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കൈവശമാണ്. 2000 കോടിയുടെ ഓഹരിയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുള്ളത്. ഏകദേശം 25 ശതമാനം വരുമിത്. അവരാണ് പുതിയ ലയന വിവരം പുറത്തുവിട്ടത്. ലയനം സാധ്യമാകുന്നതോടെ കൂടുതല്‍ റൂട്ടുകള്‍ എയര്‍ ഇന്ത്യയുടെ പരിധിയില്‍ വരും.

വിസ്താരയ്ക്ക് പുറമെ എയർ ഏഷ്യയും 2024 ൽ എയർ ഇന്ത്യയായി ലയിക്കും. ഇതോടെ എയർ ഇന്ത്യയ്ക്ക് കീഴിൽ 218 വിമാനങ്ങളുണ്ടാകും. എയർ ഇന്ത്യയുടെ 113 ഉം എയർ ഏഷ്യയുടെ 28, വിസ്താരയുടെ 53 ഉം എയർ ഇന്ത്യയുടെ എക്‌സ്പ്രസിന്റെ 24 വിമാനവും ഉൾപ്പെടെയാണ് ഇത്. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ ഇന്റർനാഷ്ണൽ കാരിയറും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡൊമസ്റ്റിക് കാരിയറുമാകും എയർ ഇന്ത്യ.

എയർ ഇന്ത്യ പുതുതായി 300 നാരോ ബോഡ് ജെറ്റുകൾ കൂടി വാങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.