Thursday, June 17, 2021
Home News National കോവിഡ് പോസിറ്റീവായിട്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ക്യാബിന്‍ ക്രൂ ജോലി ചെയ്തു; അന്വേഷണം നടത്തുമെന്ന് പ്രഖ്യാപനം

കോവിഡ് പോസിറ്റീവായിട്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ക്യാബിന്‍ ക്രൂ ജോലി ചെയ്തു; അന്വേഷണം നടത്തുമെന്ന് പ്രഖ്യാപനം

ന്യൂഡല്‍ഹി: കോവിഡ് പോസിറ്റീവായ എയര്‍ ഇന്ത്യ എക്സ്പ്രസിലെ ക്യാബിന്‍ ക്രൂവിലെ മുതിര്‍ന്ന അംഗം ജോലി ചെയ്തതായി ആരോപണം.

വിമാനം പുറപ്പെടുന്നതിന് 50 മിനിട്ടുകള്‍ക്ക് മുമ്പേ ഇവര്‍ കോവിഡ് പോസ്റ്റിവാണെന്ന വിവരം എയര്‍ലൈന്‍ കമ്പനിക്ക് ലഭിച്ചിരുന്നതായാണ് വിവരം. ജീവനക്കാരി കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച കമ്പനി ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

നവംബര്‍ 12-നാണ് 44 വയസ്സുളള ക്യാബിന്‍ ക്രൂ അംഗം ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റിന് വിധേയയായത്. നവംബര്‍ 13-ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്ത ഡല്‍ഹി-മധുര വിമാനത്തിലെ ഹെഡ് ക്രൂ അംഗമായിരുന്നു ഇവര്‍.

വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പോസിറ്റീവാണെന്നുളള പരിശോധനാഫലം വന്നത്. എന്നാല്‍ നവംബര്‍ 14 മുതലാണ് ഇവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്. കോവിഡ്് പോസിറ്റിവാണെന്ന് അറിഞ്ഞിട്ടും നവംബര്‍ 13-ന് മുഴുവന്‍ സമയവും ഇവരെ എയര്‍ലൈന്‍ ജോലി ചെയ്യാന്‍ അനുവദിച്ചതായാണ് ആരോപണം.

‘സംഭവമുണ്ടായത് ഡല്‍ഹി-മധുര ഫ്ളൈറ്റിലാണ്. അതില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ഇവര്‍ക്ക് തൊട്ടടുത്ത ദിവസം അന്താരാഷ്ട്ര മേഖലയിലാണ് ജോലി ചെയ്യേണ്ടിയിരുന്നത്. അതിനാല്‍ ടെസ്റ്റ് നടത്തിയിരുന്നു. അവരെ നവംബര്‍ 14 മുതല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കൊന്നും കൊവിഡ് പോസിറ്റീവല്ല. ഇക്കാര്യം ഞങ്ങള്‍ ഉറപ്പായും അന്വേഷിക്കുന്നതായിരിക്കും.’, എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.

അതേസമയം, ഷെഡ്യൂളിങ് സിസ്റ്റത്തിലെ ജീവനക്കാരുടെ റിപ്പോര്‍ട്ട് ഡേറ്റയില്‍ ഉദ്യോഗസ്ഥര്‍ കൃത്രിമം നടത്താന്‍ ശ്രമിച്ചതായി എയര്‍ലൈന്‍ വക്താക്കള്‍ ആരോപിച്ചു.കോവിഡ്് ടെസ്റ്റ് ഫലം ലഭിച്ചിട്ടില്ലെങ്കില്‍ ക്യാബിന്‍ ക്രൂവിന് വളരെ കുറച്ച് ആഭ്യന്തര വിമാന സര്‍വീസുകളില്‍ അനുവാദമുണ്ടെന്ന് ഒരു മുന്‍നിര എയര്‍ലൈനിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് നടത്തുന്നതിന് രണ്ടുദിവസം മുമ്പാണ് ഇവരുടെ ടെസ്റ്റ് നടത്തിയതെന്നുളളതും അവര്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടും ആഭ്യന്തര വിമാന സര്‍വീസില്‍ ജോലിക്ക് അനുവദിച്ചതും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Most Popular