Wednesday, August 4, 2021
Home News Kerala കരിപ്പൂർ വിമാനാപകടപകടത്തിലെ 55 പേർക്ക് എയർ ഇന്ത്യയുടെ ഇടക്കാല നഷ്ടപരിഹാരം

കരിപ്പൂർ വിമാനാപകടപകടത്തിലെ 55 പേർക്ക് എയർ ഇന്ത്യയുടെ ഇടക്കാല നഷ്ടപരിഹാരം

കോഴിക്കോട്: ഈ മാസം ഏഴിന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ അപകടത്തിൽപ്പെട്ട 55 പേർക്ക് ഇടക്കാല നഷ്ടപരിഹാരം നൽകിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 വിമാനമായിരുന്നു റൺവേയിൽ നിന്ന് തെന്ന് മാറി 35 അടി താഴ്ചയിലേക്ക് വീണ് തകർന്നത്.

അപകടത്തിൽ ഇതു വരെ 21 പേർ മരിച്ചു. ഇതിൽ നാല് പേർ 12 വയസ്സിൽ താഴെയുള്ളവരാണ്. 25 പേർ ഇപ്പോഴും ആശുപത്രികളിൽ തുടരുകയാണ്. ഇവരുടെ ചികിത്സാചെലവുകളും എയർ ഇന്ത്യ നൽകുന്നുണ്ട്. മരിച്ചവരിൽ 12 വയസ്സിന് താഴെയുള്ളവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും ബാക്കിയുള്ളവർക്ക് 10 ലക്ഷവുമാണ് എയർ ഇന്ത്യ നൽകുന്നത്. ഗുരുതരപരിക്കേറ്റവർക്ക് രണ്ട് ലക്ഷവും പരിക്കേറ്റ മറ്റുള്ളവർക്ക് 50,000 രൂപയുമാണ് നൽകുക.

പൂർണ നഷ്ടപരിഹാരം നൽകലിന് കാലതാമസമെടുക്കുമെന്നതിനാൽ കേന്ദ്ര നിർദേശപ്രകാരം അടിയന്തരമായി ഇടക്കാല നഷ്ടപരിഹാരം നൽകാൻ തീരുമാനിക്കുകയായിരുന്നെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഓണത്തിന് മുമ്പ് തന്നെ ഇടക്കാല നഷ്ടപരിഹാരം കൊടുത്തു തീർക്കാനാണ് കമ്പനിയുടെ ശ്രമം. 55 പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് തുക നൽകിയത്.

മരിച്ചവരുടെ അനന്തരാവകാശികളുടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടന്ന ശേഷമേ ഇടക്കാല ആശ്വാസം നൽകിത്തുടങ്ങൂ. ഇൻഷൂറൻസ് തുകയ്ക്ക് പുറമെ സംസ്ഥാനസർക്കാരും മരിച്ചവരുടെ ആശ്രിതർക്ക് 10 രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Most Popular