ബോളീവുഡ് താരം ഐശ്വര്യ റായിയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

മുംബൈ :ബോളീവുഡ് താരം ഐശ്വര്യ റായിയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. പനാമ പേപ്പർ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് ഐശ്വര്യയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസിലാണ് മുൻ ലോകസുന്ദരിയെ കേന്ദ്ര അന്വേഷണ ഏജൻസി ചോദ്യം ചെയ്യുക.

ഇഡിയുടെ ഡൽഹി ഓഫിസിൽ ഇന്ന് ഹാജരാകുകയോ അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകുകയോ ചെയ്യണമെന്നാണ് നിർദേശം. വിവിധ ലോകനേതാക്കളും രാഷ്ട്രീയപ്രമുഖരും ഇന്ത്യയില്‍ നിന്നുള്ള ബോളിവുഡ് താരങ്ങളും, കായിക താരങ്ങളും വിദേശങ്ങളില്‍ അക്കൗണ്ട് തുടങ്ങുകയും വന്‍തോതില്‍ നികുതിപ്പണം വെട്ടിച്ച്‌ നിക്ഷേപം നടത്തുകയും ചെയ്തുവെന്ന വിവരങ്ങളാണ് പാനമ രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ പരസ്യമായത്.

ബോളിവുഡ്​ സൂപ്പര്‍ താരം അമിതാഭ്​ ബച്ചന്‍റെ മരുമകളാണ്​ ഐശ്വര്യ റായ്​. 2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 2017 ല്‍ ബച്ചന്‍ കുടുംബത്തോട് എന്‍ഫോഴ്‌സ്‌മെന്‍റ്​ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു.

പാനമ രേഖകളില്‍ തങ്ങളുടെ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയില്‍ താനോ തന്‍റെ കുടുംബമോ സമ്ബാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചന്‍ പ്രതികരിച്ചിരുന്നു.