മുംബൈ: എഞ്ചിൻ കവറില്ലാതെ എഴുപതോളം യാത്രക്കാരുമായി വിമാനം പറന്നുയർന്നു. മുംബൈ എയർപോർട്ടിലാണ് സംഭവം. ഗുജറാത്തിലേക്കുള്ള വിമാനത്തിന്റെ എഞ്ചിൻ കവറാണ് പറന്നുയരുന്ന സമയത്ത് റൺവേയിലേക്ക് വീണത്. വിമാനത്തിന്റെ ടേക്ക് ഓഫ് നിരീക്ഷിച്ച് കൊണ്ടിരുന്ന എയർ ട്രാഫിക് കൺട്രോളർ വിമാനത്തിൽ നിന്ന് എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് റൺവേയിൽ എൻജിൻ കവർ കണ്ടെത്തിയത്. എന്നാൽ അലയൻസ് എയർ എടിആർ 72-600 വിമാനം ഗുജറാത്തിലെ ബുജിൽ സുരക്ഷിതമായി പറന്നിറങ്ങിയെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. എഞ്ചിൻ കവർ നഷ്ടപ്പെടുന്നത് അപകടങ്ങൾക്ക് കാരണമാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്.